റിയാദ് :സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ മെസി ചാന്‍റുമായി അൽ - ഇത്തിഫാഖ് ആരാധകർ. ലയണൽ മെസി തന്‍റെ എട്ടാം ബാലൺ ദ്യോർ സ്വന്തമാക്കിയതിന് പിന്നാലെ സൗദി കിങ്‌സ് കപ്പിൽ അൽ - നസ്റിനെതിരായ മത്സരത്തിനിടെയാണ് ഇത്തിഫാഖ് ആരാധകർ മെസി വിളികളുമായി എത്തിയത്. ആരാധകരുടെ ചാന്‍റിൽ അസ്വസ്ഥനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകരോട് വായടക്കൂ എന്ന രീതിയിൽ മറുപടി പറയുന്നതും കാണാമായിരുന്നു.
ഈ വർഷത്തെ ബാലൺ ദ്യോർ അവാർഡ് ദാന ചടങ്ങിന് പിന്നാലെ ക്രിസ്റ്റ്യാനോയുടെ ഒരു കമന്‍റ് ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. സ്‌പാനിഷ് മാധ്യമം ദയാറിയോ എസ് ഡെപ്യൂട്ടി ഡയറക്‌ടറുടെ വീഡിയോയ്‌ക്ക് താഴെയായിരുന്നു പോർച്ചുഗീസ് നായകന്‍റെ പരിഹാസ രീതിയിലുള്ള പ്രതികരണം. മെസി പുരസ്‌കാരത്തിന് അര്‍ഹനല്ലെന്ന രീതിയിലുള്ളതായിരുന്നു പോസ്റ്റ്.
മെസിക്ക് അഞ്ച് പുരസ്‌കാരങ്ങള്‍ മാത്രം ലഭിക്കുമായിരുന്നുള്ളുവെന്നും സാവി അല്ലെങ്കിൽ ഇനിയേസ്റ്റ, ലെവന്‍ഡോസ്‌കി, ഹാലണ്ട് എന്നിവർക്ക് ലഭിക്കേണ്ടിയിരുന്ന പുരസ്‌കാരങ്ങൾ മെസി തട്ടിയെടുക്കുകയായിരുന്നു എന്നുമുള്ള രീതിയിലാണ് ഡെപ്യൂട്ടി ഡയറക്‌ടറുടെ വാക്കുകൾ. മെസി ലോകകപ്പ് കിരീടം നേടിയത് ശരിയെങ്കിലും പെനാല്‍റ്റികളുടെ സഹായത്തോടെയായിരുന്നു വിജയമെന്നും വീഡിയോയില്‍ പറയുന്നുണ്ട്.
ആ വീഡിയോയുടെ താഴെയാണ് ക്രിസ്റ്റ്യാനോ കമന്‍റിട്ടതും ലൈക്ക് റിയാക്ഷന്‍ നല്‍കിയതും. നിമിഷങ്ങൾക്കകം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതികരണത്തിന്‍റെ സ്‌ക്രീന്‍ഷോട്ടുകൾ സാമൂഹിക മാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെ താരത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. സൂപ്പർ താരമാണെങ്കിലും ഈഗോയ്ക്ക് ഒരു കുറവുമില്ലെന്നും പക്വമായി സംസാരിക്കാന്‍ ഇപ്പോഴും അറിയില്ലെന്നുമായിരുന്നു മിക്ക ഉപയോക്താക്കളുടെയും പ്രതികരണം. കടുത്ത ആരാധകർ വരെ താരത്തിന്‍റെ ഈ പ്രതികരണത്തിനെതിരെ രംഗത്തുവന്നു. പിന്നാലെയാണ് സൗദി ക്ലബ് ഇത്തിഫാഖ് ആരാധകര്‍ ക്രിസ്റ്റ്യാനോക്കെതിരെ മെസി ചാന്‍റ് മുഴക്കിയത്.
അതേസമയം സൗദി കിംഗ്‌സ് കപ്പിൽ ഇത്തിഫാഖിനെതിരായ മത്സരത്തിൽ അൽ - നസ്ർ ജയം നേടി. റൊണാൾഡോയ്‌ക്ക് ഗോളുകൾ നേടാനായില്ല എന്നതും ശ്രദ്ധേയമാണ്. അധിക സമയത്തിലേക്ക് നീണ്ട മത്സരത്തിൽ സാദിയോ മാനേ നേടിയ ഗോളിലാണ് അൽ നസ്‌ർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്.
യുവതാരങ്ങളായ കിലിയൻ എംബാപ്പെ, ഏർലിങ് ഹാലണ്ട് എന്നിവരെ മറികടന്നാണ് ലയണൽ മെസി തന്‍റെ എട്ടാം ബാലൺ ദ്യോർ പുരസ്‌കാരം സ്വന്തമാക്കിയത്. ഒരു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം മെസി വീണ്ടും ഫ്രഞ്ച് ന്യൂസ് മാഗസിനായ ഫ്രാന്‍സ് ഫുട്‌ബോള്‍ നല്‍കുന്ന പുരസ്‌കാരത്തിന് അര്‍ഹനായത്.
ALSO READ :Lionel Messi on retirement 'അര്‍ജന്‍റൈന്‍ കോമ്രേഡ്‌സ് ഇത് നിങ്ങള്‍ക്കും കൂടിയുള്ളതാണ്', മെസിയും വിരമിക്കലും...