ലണ്ടന്‍: ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് തന്‍റെ പുതിയ കളി ശൈലിയുമായി ചേരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ്. ക്രിസ്റ്റ്യാനോ കരിയറിൽ നിരവധി പരിശീലകരുടെ കീഴില്‍, നിരവധി ശൈലികളിലും സംവിധാനങ്ങളിലും കളിച്ചിട്ടുണ്ടെന്നും ടെന്‍ ഹാഗ് പറഞ്ഞു.
പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെതിരായ മത്സരത്തിന് ശേഷമായിരുന്നു എറിക് ടെന്‍ ഹാഗിന്‍റെ പ്രതികരണം. താരത്തിന്‍റെ പ്രായം തനിക്ക് പ്രശ്‌നമല്ലെന്നും ഡച്ച് പരിശീലകന്‍ വ്യക്തമാക്കി.
"ക്രിസ്റ്റ്യാനോ എപ്പോഴും പെർഫോം ചെയ്യാറുണ്ട്, പിന്നെ എന്തുകൊണ്ട് അയാൾക്ക് ഇത് ചെയ്യാൻ കഴിയുന്നില്ല?. എന്നെ സംബന്ധിച്ചിടത്തോളം പ്രായം ഒരു പ്രശ്‌നമല്ല, പ്രായമാകുമ്പോഴും നിങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താനാവുമെങ്കില്‍ അതുമതി", എറിക് ടെന്‍ ഹാഗ് പറഞ്ഞു.
ലിവര്‍പൂളിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയിക്കാന്‍ യുണൈറ്റഡിന് കഴിഞ്ഞിരുന്നു. പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡിനൊപ്പമുള്ള ടെന്‍ ഹാഗിന്‍റെ ആദ്യ ജയമാണിത്. ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റ ടീമില്‍ വമ്പന്‍ മാറ്റങ്ങളോടെയാണ് യുണൈറ്റഡ് ലിവര്‍പൂളിനെതിരെ കളിച്ചത്.
തുടക്കത്തില്‍ പുറത്തിരിക്കേണ്ടി വന്ന ക്രിസ്റ്റ്യാനോ മത്സരത്തിന്‍റെ 86-ാം മിനിട്ടില്‍ പകരക്കാരനായാണ് കളിക്കാനിറങ്ങിയത്. ക്യാപ്റ്റന്‍ ഹാരി മഗ്വയറിനും ബെഞ്ചിലിരിക്കേണ്ടി വന്നു. ടീമിലെ മാറ്റം ഗെയിം പ്ലാനിന്‍റെ ഭാഗമാണെന്നും ടെന്‍ ഹാഗ് പറഞ്ഞു.
മത്സരത്തില്‍ യുണൈറ്റഡിനായി ജേഡന്‍ സാഞ്ചോയും മാര്‍ക്കസ് റാഷ്‌ഫോര്‍ഡും ലക്ഷ്യം കണ്ടപ്പോള്‍ മുഹമ്മദ് സലയാണ് ലിവര്‍പൂളിന്‍റെ ആശ്വാസ ഗോള്‍ നേടിയത്. 2018 ന് ശേഷം ലിവർപൂളിനെതിരെ യുണൈറ്റഡിന്‍റെ ആദ്യ വിജയം കൂടിയാണിത്. അതേസമയം ചാമ്പ്യന്‍സ് ലീഗ് കളിക്കുന്ന ക്ലബിലേക്ക് മാറാന്‍ ക്രിസ്റ്റ്യാനോ ശ്രമം നടത്തിയതായി അഭ്യൂഹങ്ങളുണ്ടായിരുന്നു.
also read: premier league: ലിവര്‍പൂളിനെ കീഴടക്കി; യുണൈറ്റഡിന് ആദ്യ ജയം