ടോക്കിയോ: കൊവിഡ്-19 ബാധയെ തുടർന്ന് ടോക്കിയോ ഒളിമ്പിക്‌സിനുള്ള വളണ്ടിയർമാരുടെ പരിശീലന പരിപാടി മാറ്റിവെച്ചു. വെള്ളിയാഴ്‌ച മുതല്‍ 80,000-ത്തോളം വളണ്ടിയർമാർക്ക് പരിശീലനം നല്‍കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. വളണ്ടിയർമാർക്കുള്ള പരിശീലനം മെയ് മാസത്തിലോ അതിന് ശേഷമോ നടത്താനാണ് അധികൃതരുടെ നീക്കം. രണ്ട് ലക്ഷത്തോളം അപേക്ഷകരില്‍ നിന്നാണ് വളണ്ടിയറാകാന്‍ യോഗ്യതയുള്ളവരെ കണ്ടെത്തിയത്. ഇതില്‍ മൂന്നില്‍ ഒന്ന് വളണ്ടിയർമാർ ജപ്പാന് പുറത്ത് നിന്നുള്ളവരാണ്. വൈറസ് അന്തർദേശീയ തലത്തില്‍ പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഒളിമ്പിക്‌സിന്‍റെ പ്രചാരണ പരിപാടികളിലും മറ്റ് മുന്നൊരുക്കങ്ങളിലും മാറ്റമുണ്ടാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
കൊവിഡ് 19; ഒളിമ്പിക് വളണ്ടിയർമാർക്കുള്ള പരിശീലനം മാറ്റിവെച്ചു
വൈറസ് ബാധയെ തുടർന്ന് ഒളിമ്പിക്‌സ് മാറ്റിവെക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയും ലോകാരോഗ്യ സംഘടനയും വ്യക്തമാക്കി
ഒളിമ്പിക്‌സ്
അതേസമയം വൈറസ് ബാധയെ തുടർന്ന് ഒളിമ്പിക്‌സ് മാറ്റിവെക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയും ലോകാരോഗ്യ സംഘടനയും വ്യക്തമാക്കി. ഗെയിംസ് മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും. ജൂലൈ 24 മുതല്‍ ഓഗസ്റ്റ് ഒമ്പത് വരെയാണ് ഒളിമ്പിക്‌സ് നടക്കുക. കൊവിഡ് 19 ബാധയെ തുടർന്ന് ലോകത്ത് 2450 ഓളം ആളുകൾ മരിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ചൈനയില്‍ മാത്രം 2442 പേർ വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട്.