ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ (Premier League) ആദ്യ ജയം സ്വന്തമാക്കി ചെൽസി. സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ സ്ഥാനക്കയറ്റം നേടിയെത്തിയ ലൂട്ടൺ ടൗണിനെ (Luton Town FC) നേരിട്ട ചെൽസി എതിരില്ലാത്ത മൂന്ന് ഗോളുകളുടെ ജയം സ്വന്തമാക്കി. ചെൽസിക്കായി റഹീം സ്റ്റെർലിങ് ഇരട്ട ഗോൾ നേടിയപ്പോൾ നികോളാസ് ജാക്‌സൺ പട്ടിക പൂർത്തിയാക്കി. പുതിയ പരിശീലകനായെത്തിയ മൗറിഷ്യോ പൊച്ചട്ടീനോയുടെ കീഴിൽ നീലപ്പടയുടെ ആദ്യ ജയം കൂടിയാണിത് (Chelsea defeated Luton Town).
മത്സരത്തിന്‍റെ 17-ാം മിനുട്ടില്‍ ഒരു മികച്ച വ്യക്തിഗത ഗോളിലൂടെയാണ് സ്റ്റെര്‍ലിങ് ചെല്‍സിക്ക് (Chelsea) ലീഡ് സമ്മാനിച്ചത്. വിങ് ബാക്ക് മാലോ ഗസ്റ്റോയുടെ (Malo Gusto) പാസ് സ്വീകരിച്ച്, ലൂട്ടൺ ടൗൺ പ്രതിരോധത്തെ മറികടന്ന് സ്റ്റെര്‍ലിങ് തൊടുത്ത ഷോട്ട് ഗോൾകീപ്പറെ മറികടന്ന് വലയിലെത്തി. പിന്നാലെ എൻസോ ഫെർണാണ്ടസ് (Enzo Fernandez), നികോളസ് ജാക്‌സൺ എന്നിവർ ഗോളിനടുത്ത് എത്തിയെങ്കിലും ലീഡുയർത്താനായില്ല. ഇതോടെ സ്റ്റെർലിങ്ങിന്‍റെ ഗോളിൽ ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയിൽ ചെൽസി യുവനിര കൂടുതൽ മേധാവിത്വം പുലർത്തി. 68-ാം മിനുട്ടിൽ സ്റ്റെർലിങ് - ഗസ്റ്റോ സഖ്യം ലീഡുയർത്തി. മോയ്‌സസ് കെയ്‌സെഡോ (Moises Caicedo) തുടക്കമിട്ട മുന്നേറ്റത്തിനൊടുവിൽ പാസ് സ്വീകരിച്ച ഗസ്റ്റോ വലതുവിങ്ങിൽ നിന്ന് നൽകിയ ക്രോസിൽ നിന്നാണ് സ്റ്റെർലിങ് തന്‍റെ രണ്ടാം ഗോൾ കണ്ടെത്തിയത്. 75-ാം മിനുട്ടിൽ നികോളസ് ജാക്‌സൺ (Nicolas Jackson) ചെൽസിയുടെ ഗോൾപട്ടിക പൂർത്തിയാക്കി. എൻസോ ഫെര്‍ണാണ്ടസ് തുടക്കമിട്ട അറ്റാക്കിൽ നിന്നും സ്റ്റെര്‍ലിങ്ങിന്‍റെ ലോ ക്രോസ് ഒരു ഡൈവിങ് ഫിനിഷിലൂടെ ജാക്‌സണ്‍ വലയില്‍ എത്തിക്കുകയായിരുന്നു. ഈ വിജയത്തോടെ ചെല്‍സിക്ക് മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്‍റായി. കളിച്ച രണ്ട് മത്സരങ്ങളും ലൂട്ടൺ പരാജയപ്പെട്ടു.
ലൂട്ടൺ ടൗണിനെതിരായ മത്സരം ചെൽസി മാനേജ്‌മെന്‍റിനും ആരാധകർക്കും പ്രതീക്ഷ നൽകുന്നതായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് വ്യത്യസ്‌തമായി കൂടുതൽ ഒത്തിണക്കത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് പൊച്ചട്ടീനോയ്‌ക്ക് (Mauricio Pochettino) കീഴിൽ ചെൽസി യുവനിര പന്തുതട്ടിയത്. മിഡ്‌ഫീൽഡിന് കൂടുതൽ പ്രധാന്യം നൽകുന്ന 3-4-2-1 ഫോർമേഷനിലാണ് ചെൽസി ഇറങ്ങിയത്. ഇത് പൊച്ചട്ടീനോയ്‌ക്ക് കീഴിൽ ചെൽസിയിൽ പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. മധ്യനിരയിൽ മോയ്‌സസ് കെയ്‌സെഡോ എത്തിയതോടെ എൻസോയും കോണർ ഗല്ലഗറും (Conor Gallagher) കൂടുതൽ സ്വതന്ത്രരായി കളിമെനഞ്ഞു.
കഴിഞ്ഞ സീസണിൽ തോമസ് ടുഷേലിനും ഗ്രഹാം പോട്ടറിനും കീഴിൽ കളിച്ച മത്സരങ്ങളിൽ നിന്നും വ്യത്യസ്‌തമായ മത്സരമാണ് ചെൽസി പുറത്തെടുത്തത്. പ്രതിഭാധനരായ യുവതാരങ്ങൾ മൗറിഷ്യോ പൊച്ചട്ടീനോയ്‌ക്ക് കീഴിൽ ഒത്തിണക്കത്തോടെയാണ് പന്തുതട്ടുന്നത്. കഴിഞ്ഞ സീസണിൽ നിറം മങ്ങിയ റഹീം സ്റ്റെർലിങ്ങിന്‍റെ (Rahim Sterling) ഉയിർത്തെഴുന്നേൽപ്പിന്‍റേയും തെളിവായിരുന്നു ഈ വിജയം. പുതിയ പരിശീലകന് കീഴിൽ മാറ്റത്തിന്‍റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ ആരാധകരും പ്രതീക്ഷയിലാണ്.