കേരളം

kerala

ETV Bharat / sports

അടിതെറ്റി ഇംഗ്ലീഷ് വമ്പന്‍മാര്‍; ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ തോല്‍വി മാത്രം - യുവേഫ ചാമ്പ്യന്‍സ് ലീഗ്

ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ചെല്‍സി, ടോട്ടന്‍ഹാം എന്നീ ടീമുകളാണ് ഇത്തവണ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. ഇതില്‍ ആദ്യ പാദ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് ടീമുകള്‍ പരാജയപ്പെട്ടു. ഒരു ടീമിന് സമനില.

champions league round of 16  Uefa  champions league  champions league english clubs results  ucl round of 16 english clubs performance  ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍  ചാമ്പ്യന്‍സ് ലീഗ്  മാഞ്ചസ്റ്റര്‍ സിറ്റി  ലിവര്‍പൂള്‍  യുവേഫ  യുവേഫ ചാമ്പ്യന്‍സ് ലീഗ്  ചെല്‍സി
UCl English Teams

By

Published : Feb 23, 2023, 12:08 PM IST

ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ഒന്നാം പാദ മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇംഗ്ലീഷ് ക്ലബ്ബുകള്‍ക്ക് ആശ്വസിക്കാന്‍ ഒന്നുമില്ല. ലോകത്തിലെ ഏറ്റവും കോംപറ്റീറ്റീവ് ലീഗ് എന്ന് വിശേഷണമുള്ള ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്നുള്ള നാല് ടീമുകളും ഇത്തവണ ചാമ്പ്യന്‍സ് ലീഗ് അവസാന 16ലേക്ക് കടന്നിരുന്നു. അതില്‍ മൂന്ന് ടീമുകള്‍ ഒന്നാം പാദ മത്സരം തോറ്റു, ഒരു ടീം സമനിലയോടെ മടങ്ങി.

സമനിലയില്‍ സിറ്റി:യുവേഫ ചാമ്പ്യന്‍സ് ലീഗ് റൗണ്ട് ഓഫ് 16 ഒന്നാം പാദ മത്സരങ്ങള്‍ക്ക് തിരശീല വീണപ്പോള്‍സമനില കൊണ്ട് തൃപ്‌തിപ്പെട്ട ഇംഗ്ലീഷ് ടീം മാഞ്ചസ്റ്റര്‍ സിറ്റിയാണ്. ജര്‍മ്മന്‍ ക്ലബ്ബായ ആര്‍ ബി ലെയ്‌പ്‌സിഗാണ് സിറ്റിയെ സമനിലയില്‍ കുരുക്കിയത്. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു പെപ്പ് ഗാര്‍ഡിയോളയുടെ സംഘം റെഡ്‌ബുള്‍ അരീനയില്‍ ലെയ്‌പ്‌സിഗിന്‍റെ പോരാട്ട വീര്യത്തിന് മുന്നില്‍ വീണത്.

മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ പുലര്‍ത്തിയ ആധിപത്യം രണ്ടാം പകുതിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് നഷ്‌ടമായി. സ്വന്തം കാണികള്‍ക്ക് മുന്നില്‍ മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ ലെയ്‌പ്‌സിഗ് ഇംഗ്ലീഷ് വമ്പന്മാരെ വരിഞ്ഞുമുറുക്കി. 27-ാം മിനിട്ടില്‍ റിയാദ് മഹ്‌റസ് നേടിയ ഗോളിന് മറുപടി മത്സരത്തിന്‍റെ 70-ാം മിനിട്ടില്‍ ഗ്വാര്‍ഡിയോളയിലൂടെ നല്‍കി ആതിഥേയര്‍ സിറ്റിയെ സമനിലയില്‍ തളയ്‌ക്കുകയായിരുന്നു.

ഇതോടെ സ്വപ്‌ന കിരീടം സ്വന്തമാക്കാന്‍ എത്തിഹാദില്‍ സിറ്റിക്ക് ലെയ്‌പ്‌സിഗിനെ മറികടക്കണം. മാര്‍ച്ച് 15നാണ് ഇരു ടീമുകളും പോരടിക്കുന്ന രണ്ടാം പാദ പ്രീ ക്വാര്‍ട്ടര്‍ മത്സരം.

ഞെട്ടല്‍ മാറാതെ ലിവര്‍:ആദ്യ പതിനഞ്ച് മിനിട്ടിനുള്ളില്‍ രണ്ട് ഗോള്‍ അടിച്ചു, പിന്നീട് 5 എണ്ണം വഴങ്ങി തോറ്റു. ഇംഗ്ലീഷ് ഫുട്‌ബോളിലെ കരുത്തന്മാരായ ലിവര്‍പൂളിനാണ് സ്വന്തം മൈതാനത്ത് ഇങ്ങനെയൊരു വിധിയുണ്ടായത്. നിലവിലെ ചാമ്പ്യന്മാരും സ്പാനിഷ് കരുത്തരുമായ റയല്‍ മാഡ്രിഡായിരുന്നു ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ഒന്നാം പാദ മത്സരത്തില്‍ ആന്‍ഫീല്‍ഡില്‍ ചെമ്പടയെ ഗോള്‍ മഴയില്‍ മുക്കിയത്.

മത്സരത്തിന്‍റെ നാലാം മിനിട്ടില്‍ ഡാര്‍വിന്‍ ന്യൂനസിലൂടെയും പതിനഞ്ചാം മിനിട്ടില്‍ മൊഹമ്മദ് സലായിലുടെയുമായിരുന്നു ലിവര്‍പൂള്‍ ഗോള്‍ നേടിയത്. ടീം പഴയ പ്രതാപം വീണ്ടെടുത്തെന്ന് തോന്നിപ്പിച്ച നിമിഷങ്ങളായിരുന്നു അത്. എന്നാല്‍ പിന്നീട് ആന്‍ഫീല്‍ഡ് സാക്ഷ്യം വഹിച്ചത് റയല്‍ മാഡ്രിഡിന്‍റെ കളം നിറഞ്ഞാട്ടമായിരുന്നു.

വിനീഷ്യസ് ജൂനിയര്‍, കരിം ബെന്‍സേമ എന്നിവര്‍ രണ്ട് ഗോള്‍, എഡര്‍ മിലിറ്റാവോയുടെ വക ഒരെണ്ണം. 21, 36, 47, 55, 67 മിനിട്ടുകളിലായി ലിവര്‍പൂളിന്‍റെ വലയില്‍ കയറിയത് എണ്ണം പറഞ്ഞ അഞ്ച് ഗോളുകളായിരുന്നു. മാര്‍ച്ച് 16ന് സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ ഇതേ നാണയത്തില്‍ തിരിച്ചടിച്ചാല്‍ മാത്രമേ ചെമ്പടയ്‌ക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ സാധിക്കൂ.

ചെല്‍സിയുടെ സമയദോഷം:സിഗ്നൽ ഇദുന പാർക്കില്‍ ബൊറൂസിയ ഡോര്‍ട്ട്‌മുണ്ടിനെതിരായി നടന്ന മത്സരം, ജയിക്കാനായി ചെല്‍സി കിണഞ്ഞ് പരിശ്രമിച്ചിരുന്നു. എന്നാല്‍ കിട്ടിയ അവസരങ്ങള്‍ മുതലാക്കാന്‍ അവര്‍ക്കായില്ല. 63-ാം മിനിട്ടില്‍ കരീം അദയേമിയാണ് മത്സരത്തില്‍ ഡോര്‍ട്ട്‌മുണ്ടിനായി ഗോള്‍ നേടിയത്.

ഇതിന് മറുപടി നല്‍കാന്‍ ചെല്‍സിക്ക് സാധിക്കാതെ വന്നതോടെ ഏകപക്ഷീയമായ ഒരു ഗോളിന് അവര്‍ക്ക് തോല്‍വി വഴങ്ങേണ്ടി വന്നു. ഇനി ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാം പാദ മത്സരത്തിനായി ഇരു ടീമും മാര്‍ച്ച് 8നാണ് ഏറ്റുമുട്ടുന്നത്. ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജിലാണ് ഈ മത്സരം.

മിലാന് മുന്നില്‍ വീണ് ടോട്ടന്‍ഹാം: നിലവില്‍ പ്രീമിയര്‍ ലീഗ് പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ടോട്ടന്‍ഹാം. എസി മിലാനെതിരെ വിജയം മാത്രം ലക്ഷ്യമിട്ടാണ് പ്രീ ക്വാര്‍ട്ടറിലെ ഒന്നാം പാദ മത്സരത്തിനായി ഹാരി കെയ്‌നും സംഘവും ഇറ്റലിയിലേക്ക് എത്തിയത്. എന്നാല്‍ ആ മത്സരത്തിന്‍റെ 7-ാം മിനിട്ടില്‍ തന്നെ ആതിഥേയര്‍ ടോട്ടന്‍ഹാമിനെ ഞെട്ടിച്ചു.

തുടക്കത്തില്‍ ബ്രാഹിം ഡിയാസ് നേടിയ ഗോളിന്‍റെ കരുത്തിലാണ് സ്‌പർസിനെ എസി മിലാന്‍ തളച്ചിട്ടത്. തുടര്‍ന്ന് തിരിച്ചടിക്കാന്‍ കിട്ടിയ അവസരങ്ങളില്‍ ടോട്ടന്‍ഹാമിന് ഗോള്‍ നേടാനായില്ല. ഇതോടെ മത്സരം 1-0ന് അവസാനിപ്പിക്കേണ്ടി വന്നു. ഈ ഒരു ഗോളിന്‍റെ കടവുമായാകും ടോട്ടന്‍ഹാം മാര്‍ച്ച് 9ന് തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരത്തിന് ഇറങ്ങുക.

ABOUT THE AUTHOR

...view details