മാഡ്രിഡ്:ചാമ്പ്യന്‍സ് ലീഗില്‍ ഹൃദയം തകര്‍ന്ന് പിഎസ്‌ജി. പ്രീക്വാര്‍ട്ടറിന്‍റെ രണ്ടാം പാദത്തില്‍ റയല്‍ മാഡ്രിഡിനെതിരെ തോല്‍വി വഴങ്ങിയ പിഎസ്‌ജിയുടെ ചാമ്പ്യന്‍സ് ലീഗ് കിരീട മോഹം അവസാനിച്ചു. ആദ്യ പാദത്തിലെ ഒരു ഗോള്‍ ലീഡുമായി റയലിന്‍റെ തട്ടകമായ സാന്‍റിയാഗോ ബെർണബ്യൂവിലിറങ്ങിയ പിഎസ്‌ജി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കീഴടങ്ങിയത്. ഇതോടെ 3-2ന്‍റെ അഗ്രിഗേറ്റ് സ്കോറില്‍ റയല്‍ ക്വാര്‍ട്ടറുറപ്പിച്ചു.
കരീം ബെന്‍സിമയുടെ ഹാട്രിക് മികവിലാണ് റയലിന്‍റെ മുന്നേറ്റം. എംബാപ്പെയാണ് പിഎസ്‌ജിക്കായി ലക്ഷ്യം കണ്ടത്. മത്സരത്തില്‍ മികച്ച തുടക്കം റയലിനായിരുന്നുവെങ്കിലും 39ാം മിനിട്ടില്‍ എംബാപ്പെയിലൂടെ പിഎസ്‌ജി മുന്നിലെത്തി. നെയ്‌മറിന്‍റെ അസിസ്റ്റില്‍ നിന്നാണ് താരത്തിന്‍റെ ഗോള്‍ നേട്ടം. നേരത്തെ 34ാം മിനിട്ടിലും എംബാപ്പെ പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിധിച്ചു.
പിഎസ്‌ജി ഒരു ഗോള്‍ ലീഡുമായി അവസാനിപ്പിച്ച ആദ്യ പകുതിക്ക് ശേഷം, രണ്ടാം പകുതിയിലാണ് ബെന്‍സിമയുടെ വിളയാട്ടം. തിരിച്ചടിക്കാനുള്ള റയലിന്‍റെ നിരന്തര പരിശ്രമത്തിനിടെ പിഎസ്‌ജിയുടെ ഗോള്‍ കീപ്പര്‍ ഡൊണ്ണരുമ്മയ്‌ക്ക് പറ്റിയ പിഴവാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്.