മാഡ്രിഡ് : റയൽ മാഡ്രിഡിന്‍റെ ബ്രസീലിയൻ മധ്യനിര താരം കാസെമിറോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്. റയൽ മാഡ്രിഡിന്‍റെ മാനേജർ കാർലോ ആൻസലോട്ടി തന്നെയാണ് താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകുന്ന കാര്യം സ്ഥിരീകരിച്ചത്. 60 മില്യണ്‍ യൂറോയ്‌ക്ക് നാല് വർഷത്തേക്കാണ് താരത്തെ യുണൈറ്റഡ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. താരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം മെഡിക്കലിനായി റയൽ അനുമതി നൽകിയതായാണ് വിവരം.
'ഈ ക്ലബ്ബിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് അവന്‍റെ ആഗ്രഹങ്ങളെ ഞങ്ങൾ മാനിക്കണം. അവനോട് ഞാൻ സംസാരിച്ചു. പുതിയ വെല്ലുവിളികൾ നേരിടുന്നതിനാണ് അവന് താൽപര്യം. അവൻ റയൽ മാഡ്രിഡ് വിടാൻ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ അവൻ പോയാൽ പകരക്കാരനെ കണ്ടെത്താൻ ഞങ്ങൾക്കാകും' - ആൻസലോട്ടി പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച ഹോൾഡിംഗ് മിഡ്‌ഫീൽഡർമാരിൽ ഒരാളായ കാസെമിറോ 2013 മുതൽ റയൽ മാഡ്രിഡിലാണ്. കഴിഞ്ഞ സീസണിൽ റയലിനൊപ്പം ലാ ലിഗയും ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിയ കാസെമിറോ ഈ സീസണിൽ സൂപ്പര്‍ കപ്പിലും ടീമിന്‍റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു. റയലിനൊപ്പം 5 ചാമ്പ്യൻസ് ലീഗ് വിജയങ്ങളിലും 30 കാരനായ താരം പങ്കാളിയായിട്ടുണ്ട്.
മധ്യനിര ശക്‌തമാകും : അതേസമയം പ്രീമിയർ ലീഗിൽ തുടർ തോൽവികളുമായി നട്ടം തിരിയുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് കാസെമിറോയുടെ വരവ് കരുത്ത് പകരും എന്നാണ് പ്രതീക്ഷ. മധ്യനിരയിലെയും പ്രതിരോധത്തിലെയും ടീമിന്‍റെ പിഴവുകൾക്ക് കാസെമിറോ പരിഹാരമാകുമെന്നാണ് യുണൈറ്റഡ് പരിശീലകന്‍ എറിക് ടെൻ ഹാഗിന്‍റെ കണക്കുകൂട്ടൽ. നിലവിൽ പ്രീമിയർ ലീഗിൽ അവസാന സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.