ലണ്ടന്‍: കറബാവോ കപ്പ് (ഇഎഫ്‌എല്‍) ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ന്യൂകാസില്‍ പോരാട്ടം. ഇരുപാദങ്ങളിലായി നടന്ന സെമിഫൈനല്‍ പോരാട്ടങ്ങളില്‍ ചുവന്ന ചെകുത്താന്മാര്‍ നോട്ടിങ്‌ഹാം ഫോറസ്റ്റിനെ തകര്‍ത്തപ്പോള്‍ സതാംപ്‌ടണിനെതിരെയായിരുന്നു ന്യൂകാസിലിന്‍റെ വിജയം. ഫെബ്രുവരി 26ന് വെംബ്ലി സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.
യുണൈറ്റഡ് ആധികാരികത:നോട്ടിങ്‌ഹാം ഫോറസ്റ്റിനെതിരായി ഓള്‍ട്രഫോര്‍ഡില്‍ നടന്ന രണ്ടാം പാദ സെമിയില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് യുണൈറ്റഡ് ജയം പിടിച്ചത്. അന്തോണി മാര്‍ഷ്യല്‍, ഫ്രെഡ് എന്നിവരായിരുന്നു ഗോള്‍ സ്‌കോറര്‍മാര്‍. യുണൈറ്റഡിന്‍റെ മുന്നേറ്റനിര സൂപ്പര്‍ താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡാണ് ഇരുഗോളിനും വഴിയൊരുക്കിയത്.
സന്ദര്‍ശകര്‍ക്ക് മേല്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തിയായിരുന്നു ആതിഥേയര്‍ ഇഎഫ്‌എല്‍ കപ്പ് രണ്ടാം പാദ സെമിയില്‍ വിജയക്കൊടി നാട്ടിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തില്‍ രണ്ട് ഗോളും പിറന്നത്. 73-ാം മിനിട്ടില്‍ മാര്‍ഷ്യലും, 76-ാം മിനിട്ടില്‍ ഫ്രെഡും യുണൈറ്റഡിനായി എതിര്‍ ഗോള്‍ വല കുലുക്കി.
നേരത്തെ നോട്ടിങ്‌ഹാം ഫോറസ്റ്റിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരം എതിരില്ലാത്ത മൂന്ന് ഗോളിനാണ് യുണൈറ്റഡ് സ്വന്തമാക്കിയത്. മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, വൗട്ട് വെഗോര്‍സ്റ്റ്, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരായിരുന്നു ഗോള്‍ സ്‌കോറര്‍മാര്‍.
സതാംപ്‌ടണ്‍ പരീക്ഷ ജയിച്ച് ന്യൂകാസില്‍:സെന്‍റ് ജെയിംസ് പാര്‍ക്ക് സ്റ്റേഡിയത്തില്‍ സതാംപ്‌ടണ്‍ ഉയര്‍ത്തിയ വെല്ലുവിളി മറികടന്നാണ് ന്യൂകാസില്‍ ഇഫ്‌എല്‍ കപ്പ് ഫൈനലിന് ടിക്കറ്റ് ഉറപ്പിച്ചത്. രണ്ടാം പാദ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ന്യൂകാസിലിന്‍റെ ജയം. ആദ്യ പകുതിയില്‍ സീന്‍ ലോഗ്‌സ്റ്റഫ് നേടിയ ഇരട്ടഗോളാണ് ആതിഥേയര്‍ക്ക് തുണയായത്.
മത്സരത്തിന്‍റെ 5-ാം മിനിട്ടില്‍ തന്നെ സീന്‍ ന്യൂകാസിലിനെ മുന്നിലെത്തിച്ചു. തുടര്‍ന്ന് 21-ാം മിനിട്ടില്‍ ന്യൂകാസിലിന്‍റെ മധ്യനിരതാരം രണ്ടാം ഗോള്‍ നേടി ടീമിന്‍റെ ലീഡുയര്‍ത്തി. 29-ാം മിനിട്ടില്‍ സതാംപ്‌ടണ്‍ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും പ്രീമിയര്‍ ലീഗിലെ മൂന്നാം സ്ഥാനക്കാരെ തടയാന്‍ അത് പോരുമായിരുന്നില്ല.
ഇരു ടീമുകളും നേരത്തെ ഏറ്റുമുട്ടിയ ഒന്നാം പാദ സെമിഫൈനല്‍ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ന്യൂകാസില്‍ ജയിച്ചത്. ജോലിന്‍റനായിരുന്നു ആ മത്സരത്തിലെ ഗോള്‍ സ്‌കോറര്‍.
മൂന്നാമനോ നാലാമനോ? ആരുയര്‍ത്തും കിരീടം:നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ മൂന്നാം സ്ഥാനത്തും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നാലാം സ്ഥാനത്തുമാണ്. 20 മത്സരങ്ങള്‍ കളിച്ച ഇരുടീമിനും 39 പോയിന്‍റ് വീതമാണുള്ളത്. ഗോള്‍ വ്യത്യാസത്തിന്‍റെ കണക്കാണ് ന്യൂകാസിലിനെ യുണൈറ്റഡിന് മുന്നിലെത്താന്‍ സഹായിച്ചത്.
പ്രീമിയര്‍ ലീഗില്‍ കളിച്ച 20 മത്സരങ്ങളില്‍ 10 എണ്ണത്തില്‍ വിജയിച്ച ന്യൂകാസില്‍ 9 എണ്ണം സമനില വഴങ്ങിയിട്ടുണ്ട്. ലിവര്‍പൂളിനോട് മാത്രമാണ് ടീം ഇതുവരെ തോല്‍വി വഴങ്ങിയത്. മറുവശത്ത് 12 ജയവും മൂന്ന് സമനിലയും അഞ്ച് തോല്‍വിയുമാണ് യുണൈറ്റഡിന്‍റെ അക്കൗണ്ടിലുള്ളത്. ഇരു ടീമും പ്രീമിയര്‍ ലീഗില്‍ ഏറ്റുമുട്ടിയ മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിക്കുകയായിരുന്നു.