ടൊറന്‍റോ : ഈ വർഷം ഖത്തറിൽ നടക്കുന്ന ഫുട്‌ബോൾ ലോകകപ്പിന് വടക്കേ അമേരിക്കൻ രാജ്യമായ കാനഡയുമുണ്ടാകും. നിർണായകമായ യോഗ്യത മത്സരത്തിൽ ജമൈക്കയെ എതിരില്ലാത്ത നാലുഗോളിന് തകർത്താണ് ഖത്തറിലേക്ക് ടിക്കറ്റെടുത്തത്. 1986-ൽ ആദ്യമായും അവസാനമായും ലോകകപ്പ് കളിച്ച കാനഡയുടെ രണ്ടാമത്തെ ലോകകപ്പ് പ്രവേശനമാണിത്.
വടക്കേ അമേരിക്കൻ യോഗ്യത റൗണ്ടിൽ 13 മത്സരങ്ങളിൽ നിന്ന് എട്ട് ജയവും നാല് സമനിലയുമായി ആധികാരികമായാണ് കാനഡയുടെ ലോകകപ്പ് പ്രവേശനം. അമേരിക്കയും മെക്‌സിക്കോയും കോസ്റ്ററിക്കയുമടക്കം വമ്പൻമാർ അണിനിരക്കുന്ന കോൺകകാഫ് മേഖലയിൽ നിന്ന് ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീം കൂടിയാണ് കാനഡ. പരാജയമറിയാതെ 11 മത്സരം പൂർത്തിയാക്കിയ അവർ വെള്ളിയാഴ്‌ച കോസ്റ്ററിക്കയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റെങ്കിലും ഇന്നുപുലർച്ചെ നടന്ന മത്സരത്തിൽ മിന്നും ജയം സ്വന്തമാക്കുകയായിരുന്നു.