ന്യൂഡൽഹി: ഖത്തർ വേദിയാവുന്ന ഫിഫ ലോകകപ്പിന്‍റെ ഔദ്യോഗിക സ്‌പോൺസർമാരിലൊരാളായി തെരഞ്ഞെടുക്കപ്പെട്ട് ബൈജൂസ് ലേണിങ്ങ് ആപ്ലിക്കേഷന്‍. ഫിഫ ലോകകപ്പിന്‍റെ സ്‌പോണ്‍സര്‍മാരാകുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് മലയാളിയായ ബൈജു രവീന്ദ്രന്‍ സ്ഥാപകനായ ബൈജൂസ്. ഇതാദ്യമായാണ് ഒരു എഡ്‌ടെക് കമ്പനി ഫുട്ബോള്‍ ലോകകപ്പിന്‍റെ സ്‌പോണ്‍സര്‍മാരാകുന്നത് എന്ന സവിശേഷതയുമുണ്ട്.
ഫുട്ബോള്‍ ലോകകപ്പിന്‍റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരായി ബൈജൂസിനെ തെരഞ്ഞെടുത്തതില്‍ ഫിഫയും കമ്പനിയും സന്തോഷം പ്രകടിപ്പിച്ചു. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ലോകകപ്പിനായി സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ക്രിപ്‌റ്റോ ഡോട്ട് കോമുമായി സ്പോണ്‍സര്‍ഷിപ്പ് കരാറില്‍ ഏര്‍പ്പെട്ടതിന് പിന്നാലെയാണ് ബൈജൂസുമായി കരാറിലെത്തിയതെന്ന് ഫിഫ അറിയിച്ചു.