ബെര്‍ലിന്‍: 11 വർഷത്തെ ഇടവേളയ്‌ക്ക് ജർമൻ ലീഗ് കിരീടത്തിനരികെ ബൊറൂസിയ ഡോർട്‌മുണ്ട്. ബുണ്ടസ് ലീഗ് കിരീടപ്പോരാട്ടത്തിൽ മുന്നിലുള്ള ഡോർട്‌മുണ്ട്, ബയേൺ മ്യൂണിക് ടീമുകൾക്ക് ഇന്നാണ് അവസാന മത്സരം. നിലവിൽ രണ്ട് പോയിന്‍റ് ലീഡിൽ ഒന്നാമതുള്ള ഡോർട്ട്‌മുണ്ടിന് ഇന്നത്തെ മത്സരത്തിൽ ജയിക്കാനായാൽ കിരീടം സ്വന്തമാക്കാനാകും. 2011-12 സീസണിലാണ് ഡോർട്‌മുണ്ട് അവസാനമായി ലീഗ് ജേതാക്കളായത്.
ഇരു ടീമുകളും അവസാന മത്സരത്തിനായി ഇന്ന് കളത്തിലിറങ്ങുമ്പോള്‍ ബൊറൂസിയക്ക് മെയിന്‍സ് ആണ് എതിരാളി. ബയേൺ മ്യൂണിക്, എഫ്‌സി കോളിനെയും നേരിടും. ലീഗിൽ 33 കളിയിൽ ബൊറൂസിയക്ക് 70 ഉം ബയേണിന് 68 പോയിന്‍റുമാണുള്ളത്. വൈകിട്ട് ഏഴ് മണിക്കാണ് ഇരു ടീമുകളുടെയും മത്സരം നടക്കുക.
ഇന്നത്തെ മത്സരത്തിലെ ജയം ഡോർട്ട്‌മുണ്ടിനെ കിരീടത്തിലെത്തിക്കും. സെബാസ്റ്റ്യൻ ഹാലർ, ജൂഡ് ബെല്ലിങ്‌ഹാം, ക്യാപ്‌റ്റൻ മാർകോ റിയൂസ് എന്നിവരടങ്ങുന്ന താരനിരയിലാണ് ബൊറൂസിയയുടെ പ്രതീക്ഷ. ബയേണിനാകട്ടെ കിരീടം നിലനിർത്തണമെങ്കിൽ ജയവും ഒപ്പം ബൊറൂസിയ തോൽക്കുകയും വേണം. ലീഗിൽ ഒന്നാമത് തുടർന്നിരുന്ന ബയേണിന് കഴിഞ്ഞ മത്സരത്തിൽ ആർബി ലെയ്‌പ്‌സിഗിനോട് പരാജയപ്പെട്ടതാണ് തിരിച്ചടിയായത്.
പിഎസ്‌ജിക്ക് സമനില മതി:ഫ്രഞ്ച് ലീഗ് വണ്ണിൽ കിരീടം നിലനിർത്താനൊരുങ്ങുന്ന പിഎസ്‌ജി ഇന്ന് സ്ട്രാസ്ബർഗിനെ നേരിടും. ഇന്നത്തെ മത്സരത്തിൽ സമനില നേടാനായാലും ഫ്രഞ്ച് വമ്പൻമാർക്ക് ചാമ്പ്യൻപട്ടം ഉറപ്പിക്കാം. ലീഗിൽ രണ്ട് റൗണ്ട് മത്സരങ്ങൾ മാത്രം ബാക്കിനിൽക്കെ 36 മത്സരങ്ങളിൽ നിന്നായി 84 പോയിന്‍റുമായാണ് പിഎസ്‌ജി ഒന്നാമതുള്ളത്. രണ്ടാമതുള്ള ലെൻസിന് 78 പോയിന്‍റാണുള്ളത്.
പിഎസ്‌ജി ജേതാക്കളായാൽ അർജന്‍റൈൻ സൂപ്പർ താരം ലയണൽ മെസി മറ്റൊരു നേട്ടത്തിന് കൂടി അർഹനാകും. കരിയറിൽ 43 കിരീടങ്ങൾ സ്വന്തമാക്കിയ ബ്രസീലിയൻ താരം ഡാനി ആൽവെസിന്‍റെ റെക്കോഡിനൊപ്പം മെസിയെത്തും. അതോടൊപ്പം ഈ സീസണിൽ പിഎസ്‌ജി കുപ്പായത്തിൽ 20 വീതം ഗോളുകളും അസിസ്റ്റുകളും നേടിയിട്ടുണ്ട്. യൂറോപ്പിലെ ടോപ് ഫൈവ് ഡിവിഷനിൽ ഈ സീസണിൽ ഈ നേട്ടത്തിലെത്തിയ മറ്റൊരു താരമില്ല. ഇതോടെ ഈ സീസണിൽ പിഎസ്‌ജിക്കായി 40 ഗോളുകളിലാണ് മെസി പങ്കാളികളായത്.