സൂറിച്ച് :ബ്രസീലും അർജന്‍റീനയും ലോകകപ്പ് യോഗ്യതാമത്സരം വീണ്ടും കളിക്കാന്‍ ഫിഫ നിര്‍ദേശം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 21ന് റദ്ദാക്കിയ മത്സരം വീണ്ടും കളിക്കാനാണ് ഫിഫ അപ്പീൽ കമ്മിറ്റി ഉത്തരവിട്ടത്. ബ്രസീലില്‍ നടന്ന യോഗ്യതാമത്സരമാണ് കിക്കോഫ് കഴിഞ്ഞ് മിനിറ്റുകള്‍ക്കകം നിര്‍ത്തിവച്ചത്.
അര്‍ജന്‍റീന താരങ്ങള്‍ രാജ്യത്തെ ക്വാറന്‍റീന്‍ നിബന്ധനകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യപ്രവര്‍ത്തകര്‍ ഇടപെട്ടാണ് മത്സരം നിര്‍ത്തിച്ചത്. തുടര്‍ന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ഉപേക്ഷിച്ച മത്സരം വീണ്ടും നടത്തണമെന്ന് ഫിഫ കഴിഞ്ഞ ഫെബ്രുവരിയില്‍ ഉത്തരവിട്ടിരുന്നു. ഇതുകൂടാതെ പിഴ ശിക്ഷയും വിധിച്ചു.
ഇതിനെതിരെ ഇരുരാജ്യങ്ങളുടെയും ഫുട്ബോൾ അസോസിയേഷനുകൾ സമർപ്പിച്ച അപ്പീലുകൾ പരിഗണിച്ചാണ് കമ്മിറ്റി അന്തിമ വിധി പ്രഖ്യാപിച്ചത്. മത്സരം ഉപേക്ഷിച്ചതിന് ഇരുരാജ്യങ്ങളിലെയും ഫുട്ബോള്‍ അസോസിയേഷനുകള്‍ക്ക് 50,322 ഡോളര്‍ (50,000 സ്വിസ് ഫ്രാങ്ക്) പിഴ ചുമത്തിയത് അപ്പീല്‍ കമ്മിറ്റി ശരിവച്ചു.