സാവോ പോളോ: ഖത്തര്‍ ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ സ്ഥാനമൊഴിഞ്ഞ പരിശീലകന്‍ ടിറ്റെയ്‌ക്ക് പകരക്കാരനെ കണ്ടെത്താനുള്ള ബ്രസീലിന്‍റെ ശ്രമങ്ങള്‍ സൂപ്പര്‍ കോച്ച് ഹോസെ മൗറീന്യോയിലേക്ക്. മൗറീന്യോയുമായി ബ്രസീലിന്‍റെ ഏജന്‍റ് ചര്‍ച്ച നടത്തുന്നതായാണ് റിപ്പോര്‍ട്ട്. സൂപ്പര്‍ ഏജന്‍റ് ജോര്‍ജേ മെന്‍ഡസാണ് 59കാരനുമായി ചര്‍ച്ച നടത്തുന്നതെന്ന് ഇറ്റാലിയന്‍ മാധ്യമമായ ലാ റിപ്പബ്ലിക്കയാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
സ്‌പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് കോച്ച് കാർലോ ആഞ്ചലോട്ടിക്കായുള്ള നീക്കം പാളിയതോടെയാണ് ഇറ്റാലിയന്‍ ക്ലബ് എഎസ് റോയുടെ പരിശീലകനായ മൗറീന്യോയിലേക്ക് ബ്രസീലിന്‍റെ അന്വേഷണങ്ങളെത്തി നില്‍ക്കുന്നത്. 2024 വരെ റയൽ മാഡ്രിഡുമായി കരാറുള്ള അഞ്ചലോട്ടി ക്ലബ് വിടാന്‍ ആഗ്രഹിക്കുന്നില്ല. പുറത്താക്കപ്പെട്ട ഫെര്‍ണാണ്ടോ സാന്‍റോസിന് പകരം പോര്‍ച്ചുഗലും മൗറീന്യോയ്‌ക്കായി രംഗത്തുണ്ട്.
ബെന്‍ഫിക്കയുടെ പരിശീലകനെന്ന നിലയില്‍ തന്‍റെ കരിയര്‍ ആരംഭിച്ച മൗറീന്യോ പ്രീമിയര്‍ ലീഗില്‍ ടോട്ടനം, ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ ടീമുകളെയും, സ്‌പാനിഷ് ലാലിഗയിലെ റയല്‍ മാഡ്രിഡ്, ഇന്‍റര്‍ മിലാന്‍ തുടങ്ങിയ ക്ലബ്ബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. ഇതുവരെ ഒരു ദേശീയ ടീമിനൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടില്ല. എന്നാല്‍ 2017-ൽ, യുണൈറ്റഡിനെ പരിശീലിപ്പിക്കുന്ന സമയത്ത് ബ്രസീലിനെ നിയന്ത്രിക്കുന്നത് 'ആവേശകരമായിരിക്കും' എന്ന് അദ്ദേഹം സമ്മതിച്ചിരുന്നു.