അങ്കാറ: കളിക്കളത്തിലെ വീറിനും വാശിയ്‌ക്കുമപ്പുറം മാനവികതയുടെ കൈകോർക്കൽ കൂടിയാണ് ഫുട്ബോൾ. ഇപ്പോഴിതാ ടർക്കിഷ് സൂപ്പർ ലീഗ് മത്സരത്തിനിടെയുണ്ടായ ഒരു സംഭവം ലോക ജനതയുടെ ഹൃദയം നിറയ്‌ക്കുകയാണ്. തുർക്കിയിലും അയൽരാജ്യമായ സിറിയയിലും ഭൂകമ്പത്തിന്‍റെ ദുരിതമേറ്റ കുട്ടികൾക്ക് നല്‍കാനായി ആയിരക്കണക്കിന് പാവകള്‍ നല്‍കിയ ബെസിക്‌റ്റാസ് ആരാധകരാണ് ലോകത്തിന്‍റെ കയ്യടി നേടുന്നത്.
അന്‍റാലിയാസ്‌പോറിനെതിരായ മത്സരത്തിനിടെ ബെസിക്‌റ്റാസ് ആരാധകര്‍ ഭൂകമ്പ ബാധിതരായ കുട്ടികള്‍ക്കായുള്ള പാകള്‍ ഗ്രൗണ്ടിലേക്ക് എറിയുകയായിരുന്നു. മത്സരം കാണാനെത്തുമ്പോള്‍ കുട്ടികള്‍ക്ക് നല്‍കാനായി കളിപ്പാട്ടങ്ങള്‍ കൊണ്ടുവരാനുള്ള ഒരു കാമ്പയിന്‍ നേരത്തെ തന്നെ നടന്നിരുന്നു. ആരാധകരില്‍ നിന്നും പാവകള്‍ ഉള്‍പ്പെടെയുള്ള കളിപ്പാട്ടങ്ങള്‍ സ്വീകരിക്കുന്നതിനായി കിക്കോഫിന് ശേഷം മത്സരം നാല് മിനിറ്റും 17 സെക്കൻഡും കഴിഞ്ഞ് തത്‌കാലം നിർത്തിവയ്‌ക്കുകയും ചെയ്‌തിരുന്നു.