മ്യൂണിക്ക് : പുതിയ പരിശീലകനായി തോമസ് ടുഷേൽ ചുമതലയേറ്റ രണ്ടാം മത്സരത്തിൽ തന്നെ തോൽവി വഴങ്ങി ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്. ജർമൻ കപ്പ് ഫുട്‌ബോൾ (DFB Pokal) ക്വാർട്ടർ ഫൈനലിൽ എസ് സി ഫ്രെയ്‌ബർഗിനെ നേരിട്ട ബയേൺ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പരാജയപ്പെട്ടത്. നികോളാസ് ഹോഫ്‌ലർ, ലുകാസ് ഹോളർ എന്നിവർ ഫ്രെയ്‌ബർഗിനായി ലക്ഷ്യം കണ്ടപ്പോൾ പ്രതിരോധ താരം ഉപമെകാനോയാണ് ബവേറിയൻസിന്‍റെ ആശ്വാസ ഗോൾ നേടിയത്. ഇഞ്ച്വറി ടൈമിൽ വഴങ്ങിയ പെനാൽറ്റി ഗോളാണ് ബയേണിനെ ജർമൻ കപ്പിൽ നിന്നും പുറത്താക്കിയത്.
പുതിയ പരിശീലകന് കീഴിൽ ആദ്യം മത്സരത്തിലെ വമ്പൻ ജയത്തിന്‍റെ ആത്മവിശ്വാസത്തിലിറങ്ങിയ ബയേൺ തന്നെയായിരുന്നു മത്സരത്തിൽ ആധിപത്യം പുലർത്തിയത്. 12-ാം മിനിറ്റിൽ സാനെയിലൂടെ ബയേണിന്‍റെ ആദ്യ ഗോൾശ്രമം പുറത്തേക്ക് പോയി. മുന്നേറ്റങ്ങൾ തുടർന്ന ബയേൺ 19-ാം മിനിറ്റിലാണ് ആദ്യ ഗോൾ നേടിയത്. ജോഷ്വ കിമ്മിച്ചിന്‍റെ കോർണറിൽ നിന്നും ഹെഡറിലൂടെ പ്രതിരോധ താരം ഉപമെകാനോയാണ് ലക്ഷ്യം കണ്ടത്.
എട്ട് മിനിറ്റിനുള്ളിൽ ഫ്രെയ്‌ബർഗിനായി മിഡ്‌ഫീൽഡർ നിക്കോളാസ് ഹോഫ്‌ലർ സമനില പിടിച്ചു. കിങ്‌സ്‌ലി കോമാന്‍റെ മോശം ക്ലിയറൻസിൽ നിന്നും പന്ത് പിടിച്ചെടുത്ത ഹോഫലറിന്‍റെ 25 വാര അകലെ നിന്നുള്ള ലോങ് റേഞ്ചർ ഗോൾകീപ്പർ സോമറിന് യാതൊരുവിധ അവസരവും നൽകാതെ വലകുലുക്കി. മത്സരത്തിലേക്ക് തിരികെയെത്തിയ ഫ്രെയ്‌ബർഗ് കൂടുതൽ മുന്നേറ്റങ്ങൾ നടത്തി.