ക്യാമ്പ് നൗ: സ്‌പാനിഷ് ലീഗിൽ ബാഴ്‌സലോണക്ക് തുടർച്ചയായ രണ്ടാം പരാജയം. ബാഴ്‌സയുടെ മൈതാനമായ ക്യാമ്പ് നൗവിൽ നടന്ന മത്സരത്തിൽ റയോ വയ്യക്കാനൊയാണ് ഏകപക്ഷീയമായ ഒരു ഗോളിന് ബാഴ്‌സയെ തോൽപ്പിച്ചത്. ആറാം മിനിറ്റിൽ അൽവാരോ ഗാർസിയയാണ് റയോ വയ്യക്കാനൊയ്‌ക്കായി ഗോൾ നേടിയത്.
പരിക്കു മൂലം പുറത്തായ പെഡ്രിയുടെ അഭാവം ബാഴ്‌സയുടെ മധ്യനിരയിൽ പ്രകടമായിരുന്നു. മധ്യനിര താരം ഗാവിയായിരുന്നു മത്സരത്തിൽ മികച്ച പ്രകടനം നടത്തിയത്. സമനില നേടാനായി കിണഞ്ഞ് ശ്രമിച്ച ബാഴ്‌സ ഡെംബലെ, മെംഫിസ് ഡീപേയ്, അഡമ ട്രയോറെ, ലൂക്ക് ഡി ജോംഗ് തുടങ്ങിയ താരങ്ങളെയെല്ലാം കളത്തിലിറക്കിയെങ്കിലും നിർണായക ഗോൾ മാത്രം വന്നില്ല.
റയോ വയ്യക്കാനോയോട് ഈ സീസണിൽ നടന്ന രണ്ടു മത്സരങ്ങളിൽ ബാഴ്‌സ തോൽവി വഴങ്ങിയിരുന്നു. റയോ വയ്യക്കാനോയോട് ഉൾപ്പടെ തുടർച്ചയായ മൂന്നാമത്തെ മത്സരമാണ് ബാഴ്‌സലോണ സ്വന്തം മൈതാനത്തു തോൽക്കുന്നത്. യൂറോപ്പ ലീഗ് ക്വാർട്ടറിൽ ഐൻട്രാക്‌റ്റ് ഫ്രാങ്ക്‌ഫർട്ടിനോടും ലാ ലിഗയിൽ കാഡിസിനോടുമാണ് ബാഴ്‌സ ക്യാമ്പ് നൗവിൽ തോൽവിയറിഞ്ഞത്. ക്ലബ് ചരിത്രത്തിൽ ആദ്യമായാണ് ബാഴ്‌സലോണ തുടർച്ചയായി മൂന്നു ഹോം മത്സരങ്ങളിൽ തോൽക്കുന്നത്.
ALSO READ:ലാ ലിഗ | ക്യാംപ് നൗവിൽ ബാഴ്‌സയെ അട്ടിമറിച്ച് കാഡിസ്, ലീഗിൽ അപരാജിത കുതിപ്പിന് അന്ത്യം
ബാഴ്‌സലോണ തോൽവി വഴങ്ങിയത് റയൽ മാഡ്രിഡിനെ ലീഗ് കിരീടത്തിലേക്ക് കൂടുതൽ അടുപ്പിച്ചു. അവസാന അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു സമനിലയെങ്കിലും നേിടയാൽ കിരീടം ബർണബ്യൂവിലെത്തും. റയലിന് 78 പോയിന്‍റും ബാഴ്‌സലോണക്ക് 63 പോയിന്‍റുമാണുള്ളത്.