ബാര്‍സിലോണ: ചാരിറ്റി ഫുട്‌ബോള്‍ സൗഹൃദ മത്സരത്തില്‍ ബാഴ്‌സലോണയെ സമനിലയില്‍ തളച്ച് മഞ്ചസ്‌റ്റര്‍ സിറ്റി. മൂന്ന് ഗോള്‍ വീതമാണ് ഇരു ടീമുകളും നേടിയത്. രണ്ട് തവണ പിന്നില്‍ നിന്ന സിറ്റി 99-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ചാണ് മത്സരം സമനിലയിലാക്കിയത്.
മത്സരത്തിന്‍റെ 21-ാം മിനിട്ടില്‍ അര്‍ജന്റീനന്‍ താരം ജൂലിയന്‍ അല്‍വാരസിലൂടെ സിറ്റിയാണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ എട്ട് മിനിട്ടിന് ശേഷം ഒബമയങ്ങിലൂടെ ബാഴ്‌സ ഗോള്‍ മടക്കി. 1-1 എന്ന നിലയിലാണ് മത്സരത്തിന്‍റെ ഒന്നാം പകുതി അവസാനിച്ചത്.
66-ാം മിനിട്ടില്‍ മധ്യനിര താരം ഡിയോങ് ബാഴ്‌സയെ മുന്നിലെത്തിച്ചു. തൊട്ട് പിന്നാലെ 70-ാം മിനിട്ടില്‍ കോള്‍ പാര്‍ബറിലൂടെ സിറ്റി സമനില പിടിച്ചു. 79-ാം മിനിട്ടില്‍ ഡിപെയാണ് ബാഴ്‌സയ്‌ക്കായി മൂന്നാം ഗോള്‍ നേടിയത്.
ബോക്‌സിനുള്ളില്‍ ഹാലന്‍ഡിനെ വീഴ്‌ത്തിയതിന് 99-ാം മിനിട്ടില്‍ കിട്ടിയ പെനാല്‍റ്റി വലയിലെത്തിച്ച് മെഹ്‌റിസ് ഇംഗ്ലീഷ് ചാമ്പ്യന്മാര്‍ക്ക് സമനില സമ്മാനിച്ചു. മത്സരത്തില്‍ പന്തടക്കത്തിലും ടാര്‍ഗറ്റിലേക്കുള്ള ഷോട്ടുകളുടെ എണ്ണത്തിലും സിറ്റി ആയിരുന്നു മുന്നില്‍.
അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസിനെ (എഎൽഎസ്) കുറിച്ചുള്ള അവബോധം വളർത്തുന്നതിനും ഗവേഷണത്തിനുള്ള ഫണ്ട് സമാഹരിക്കുന്നതിനുമായാണ് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചത്. മത്സരത്തിന് മുന്നോടിയായി രണ്ട് വര്‍ഷം മുന്‍പ് സമാന രോഗം കണ്ടെത്തിയ മുന്‍ ബാര്‍സിലോണ ഗോൾകീപ്പറും അസിസ്റ്റന്റ് ഹെഡ് കോച്ചുമായ ജുവാൻ കാർലോസ് അൻസുവിന് ആദരം അര്‍പ്പിച്ചിരുന്നു. നൗകാംപില്‍ 9,0000 പേരാണ് മത്സരം കാണാനെത്തിയത്.