ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിന്‍റെ 272 വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്‌ക്ക് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്‌ടത്തിൽ 266 റണ്‍സേ നേടാനായുള്ളു. ഇന്ത്യൻ ബാറ്റിങ് നിരയിൽ ശ്രേയസ് അയ്യർ(82), അക്‌സർ പട്ടേൽ(56) എന്നിവർക്ക് മാത്രമേ പിടിച്ചു നിൽക്കാനായുള്ളു. ഒൻപതാമനായി ക്രീസിലെത്തിയ നായകൻ രോഹിത് ശർമ( 28 പന്തിൽ 51) അവസാന ഓവറുകളിൽ ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.
തകർച്ചയോടെ തുടക്കം: ബംഗ്ലാദേശിന്‍റെ വലിയ വിജയലക്ഷ്യം പന്തുടർന്നിറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. വർഷങ്ങൾക്ക് ശേഷം ഇന്ത്യയുടെ ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ച വിരാട് കോലി(5) രണ്ടാം ഓവറിൽ തന്നെ പുറത്തായി. തൊട്ടടുത്ത ഓവറിൽ തന്നെ ശിഖർ ധവാനും (8) മടങ്ങി. പിന്നാലെ സ്ഥാനക്കയറ്റം ലഭിച്ച് ക്രീസിലെത്തിയ വാഷിങ്ടണ്‍ സുന്ദർ(11) അൽപസമയം പിടിച്ച് നിന്ന് പുറത്തായി. തൊട്ടുപിന്നാലെ നായകൻ കെഎൽ രാഹുൽ(14) കൂടി പുറത്തായതോടെ ഇന്ത്യ തകർച്ച മുന്നിൽ കണ്ടു.
എന്നാൽ തുടർന്നെത്തിയ അക്‌സർ പട്ടേലിനെ കൂട്ടുപിടിച്ച് ശ്രേയസ് അയ്യർ സ്‌കോർ ഉയർത്തി. ഇരുവരും ചേർന്ന് 107 റണ്‍സിന്‍റെ തകർപ്പൻ കൂട്ടുകെട്ടാണ് ഇന്ത്യക്ക് സമ്മാനിച്ചത്. 4 വിക്കറ്റ് നഷ്‌ടത്തിൽ 65 റണ്‍സ് എന്ന നിലയിൽ നിന്ന് ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ ഇന്ത്യയെ 172 റണ്‍സിൽ എത്തിച്ചു. ശ്രേയസ് അയ്യരുടെ(82) വിക്കറ്റ് വീഴ്‌ത്തി മെയ്‌ദി ഹസനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ അക്‌സർ പട്ടേലും(56) വീണതോടെ ഇന്ത്യ വീണ്ടും തോൽവി മുന്നിൽ കണ്ടു. പിന്നാലെ ഷാർദുൽ താക്കൂർ(7), ദീപക് ചാഹർ(11) എന്നിവർ കൂടി പുറത്തായി.
രോഹിത്തിന്‍റെ മിന്നലാട്ടം: ഇന്ത്യ തോൽവി ഉറപ്പിച്ച അവസരത്തിലാണ് നായകൻ രോഹിത് ശർമ വീണ്ടും ക്രീസിലെത്തിയത്. അവസാന ഓവറുകളിൽ തകർത്തടിച്ച രോഹിത് ശർമ ഒരു ഘട്ടത്തിൽ ഇന്ത്യക്ക് വിജയം നേടിക്കൊടുക്കും എന്നുപോലും തോന്നിച്ചു. എന്നാൽ 47-ാം ഓവറിലെ എല്ലാ പന്തും മുഹമ്മദ് സിറാജ് ഡോട്ടാക്കിയത് ഇന്ത്യക്ക് തിരച്ചടിയായി. പിന്നാലെ തൊട്ടടുത്ത ഓവറിൽ സിറാജ്(2) മടങ്ങുകയും ചെയ്‌തു. ഓവസാന ഓവറിൽ 21 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്.