പാരിസ്: കഴിഞ്ഞ വർഷത്തെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള 30 അംഗ ബാലൺ ദ്യോർ നോമിനേഷൻ പട്ടിക പുറത്ത് വന്നു. 2005 ന് ശേഷം ആദ്യമായാണ് ഏഴ് തവണ ബാലൺ ദ്യോർ സ്വന്തമാക്കിയ സൂപ്പർ താരം ലയണൽ മെസി അവാർഡ് പട്ടികയിൽ നിന്ന് പുറത്താകുന്നത്. കഴിഞ്ഞ സീസണിൽ തന്‍റെ ഇഷ്‌ട ക്ലബായ ബാഴ്‌സലോണ വിട്ട് പാരിസ് സെന്‍റ് ജർമെയ്‌നിലേക്ക് ചേക്കേറിയ മെസിക്ക് തന്‍റെ മികച്ച ഫോമിലേക്ക് എത്താനാകാത്തതാണ് താരം അവസാന മുപ്പത് അംഗ പട്ടികയിൽ ഇടം പിടിക്കാതിരിക്കാനുള്ള കാരണം.
പരിക്കും കൊവിഡും ടീമുമായി ഒത്തിണങ്ങാനുള്ള പ്രയാസങ്ങളും കൊണ്ടല്ലാം മെസി നിറംമങ്ങുകയായിരിന്നു. കരിയറിലാദ്യമായി താരം ആരാധകരുടെ കൂവലും ഏറ്റുവാങ്ങിയിരുന്നു. പി.എസ്‌ജിയിൽ മെസിയുടെ സഹതാരമായ ബ്രസീലിന്റെ നെയ്‌മർ ജൂനിയറും ഫ്രാൻസ് ഫുട്‌ബോൾ പുറത്തുവിട്ട പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെയെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പട്ടികയിൽ സ്ഥാനമുണ്ട്. കഴിഞ്ഞ സീസണിൽ ടീമിന്‍റെ മോശം പ്രകടനത്തിലും ഗോളുകൾ അടിച്ചുകൂട്ടിയതാണ് താരത്തിന് തുണയായത്.
ചാമ്പ്യൻസ് ലീഗും ലാലിഗയുമടക്കം 2022ൽ നാല് കിരീടങ്ങൾ സ്വന്തമാക്കിയ റയൽ മാഡ്രിഡിൽ നിന്നും 6 താരങ്ങൾ ആണ് നോമിനേഷൻ നേടിയത്. ബാലൺ ദ്യോറിന് ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന കരിം ബെൻസേമയും ചെൽസിയിൽ നിന്നു ഈ വർഷം ടീമിലെത്തിയ അന്‍റോണിയോ റൂഡിഗറും ഗോൾകീപ്പർ തിബോട്ട് കോർട്ടോയിസും ഇടം നേടിയിട്ടുണ്ട്.
മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ ടീമുകളിൽ നിന്ന് 6 വീതം താരങ്ങളുമുണ്ട്. ഈ സീസണിൽ ബൊറൂസിയ ഡോർട്‌മുണ്ടിൽ നിന്ന് സിറ്റിയിലെത്തിയ എത്തിയ ഹാലൻഡ്, ബെൻഫിക്കയിൽ നിന്നും ലിവർപൂളിലെത്തിയ ഡാർവിൻ നുനിയസ് എന്നിവർ അടക്കമാണിത്. ഈ വർഷം ലിവർപൂളിൽ എത്തിയ സാദിയോ മാനെ അടക്കം 2 പേർ ബയേണിൽ നിന്നും നോമിനേഷനിൽ ഇടം പിടിച്ചു.
ടോട്ടൻഹാമിൽ നിന്നു ഹാരി കെയിൻ, ഹ്യുങ് മിൻ സോൺ എന്നിവർ നോമിനേഷൻ നേടി. 2 എ.സി മിലാൻ താരങ്ങൾ നോമിനേഷൻ കരസ്ഥമാക്കിയപ്പോൾ കഴിഞ്ഞ വർഷം ബയേണിനു ആയി തിളങ്ങിയ റോബർട്ട് ലെവൻഡോസ്കി ബാഴ്‌സലോണയുടെ പ്രതിനിധിയായി നോമിനേഷൻ നേടി.
ലെയ്‌പ്‌സിഗിന്റെ ക്രിസ്റ്റഫർ എൻങ്കുങ്കു, അയാക്‌സിൽ നിന്ന് ഡോർട്ട്മുണ്ടിൽ എത്തിയ സെബാസ്റ്റ്യൻ ഹാളർ, യുവന്റസിന്‍റെ സെർബിയൻ താരം വ്ലാഹോവിച് എന്നിവരും നോമിനേഷൻ കരസ്ഥമാക്കി. ചാമ്പ്യൻസ് ലീഗിൽ റയല്‍ മാഡ്രിഡിന് വേണ്ടി 15 ഗോളുകൾ സ്വന്തമാക്കിയ കരിം ബെൻസെമ, ഫൈനലിൽ ലിവർപൂളിനെതിരായ വിജയത്തിന് ചുക്കാൻ പിടിച്ച റയല്‍ മാഡ്രിഡ് ഗോൾ കീപ്പർ തിബോട്ട് കോർട്ടോയിസ് എന്നിവർ തമ്മിലാവും ബാലൻ ദ്യോറിന് ആയുള്ള പ്രധാനപോരാട്ടം.
ഈ സീസണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ബാലൺ ദ്യോർ നേടിയില്ലെങ്കിൽ, 2008 ന് ശേഷം രണ്ടാം തവണ മാത്രമാകും മെസിയും റൊണാൾഡോയും അല്ലാതെ മറ്റൊരു താരം ഈ അവാർഡ് സ്വന്തമാക്കുക. 2018 ൽ റയൽ മാഡ്രിഡിന്‍റെ ക്രൊയേഷ്യൻ താരം ലൂക മോഡ്രിച്ചാണ് ഈ രണ്ട് താരങ്ങളുടെ മേധാവിത്വത്തിനിടയിലും ബാലൺ ദ്യോർ സ്വന്തമാക്കിയത്. 2018 ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ ക്രൊയേഷ്യയെ ഫൈനലിൽ എത്തിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച താരമാണ് മോഡ്രിച്ച്.