കേരളം

kerala

78ലും 11കാരന്‍റെ ആവേശം… വോളിബോളിനെ ജീവിതത്തോട് ചേര്‍ത്തുപിടിച്ച ബാലകൃഷ്‌ണനാശാന്‍

1955ല്‍ തണ്ണീര്‍മുക്കം യുപി സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ബാലകൃഷ്‌ണന്‍ മാധവശേരിക്ക് വോളിബോളിനോട് കമ്പം തോന്നുന്നത്. അവിടുന്നിങ്ങോട്ടുള്ള ആറ് പതിറ്റാണ്ടുകാലം ടിവി പുരംകാരുടെ സ്വന്തം ബാലകൃഷ്‌ണനാശാന്‍റെ ജീവനും ജീവിതവുമായി ഈ കായിക ഇനം മാറി.

By

Published : Feb 21, 2023, 10:46 AM IST

Published : Feb 21, 2023, 10:46 AM IST

Updated : Feb 21, 2023, 11:15 AM IST

balakrishnan madhavaseri  vollyball trainer balakrishnan madhavaseri  kottayam balakrishnan madhavaseri  vollyball  vollyball kerala  ബാലകൃഷ്‌ണനാശാന്‍  വോളിബോള്‍ പരിശീലകന്‍ ബാലകൃഷ്‌ണനാശാന്‍  ബാലകൃഷ്‌ണന്‍ മാധവശേരി  വൈക്കം ടിവി പുരം
balakrishnan madhavaseri

ബാലകൃഷ്‌ണനാശാന്‍ ഇടിവി ഭാരതിനോട്

കോട്ടയം: 78-ാം വയസിലും വോളിബോള്‍ കളിക്കായി ജീവിതം സമര്‍പ്പിക്കുകയാണ് വൈക്കം ടിവി പുരം സ്വദേശിയായ ബാലകൃഷ്‌ണന്‍ മാധവശേരി എന്ന നാട്ടുകാരുടെ സ്വന്തം ബാലകൃഷ്‌ണനാശാന്‍. 34 വര്‍ഷത്തോളമായി ടിവി പുരത്തുള്ള ബാലകൃഷ്‌ണനാശാന്‍ പുതുതലമുറയിലെ 200-ഓളം കുട്ടികള്‍ക്ക് സ്‌മാഷിന്‍റെയും ബ്ലോക്കിന്‍റെയും ആദ്യ പാഠങ്ങള്‍ പഠിപ്പിച്ച് നല്‍കാനും മൈതാനത്തേക്ക് ഇറങ്ങാറുണ്ട്. ഇതോടൊപ്പം നാട്ടിന്‍പുറത്ത് വോളിബോള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കാനും ഈ ആശാന്‍ സമയം കണ്ടെത്തും.

1955 ല്‍ തണ്ണീര്‍മുക്കം യുപി സ്‌കൂളിലെ ആറം ക്ലാസിലെ വിദ്യാര്‍ഥി ആയിരുന്ന കാലത്താണ് ബാലകൃഷ്‌ണന്‍ ആദ്യമായി വോളിബോളിനെ നെഞ്ചിലേറ്റിയത്. ചാലിനാരായണപുരം ക്ഷേത്രത്തിന് സമീപം ബോള്‍ ബാഡ്‌മിന്‍റണ്‍ കളിച്ചിരുന്ന മക്കി, രവി, ജോസഫ്, കുഞ്ഞിരാമന്‍, കൊച്ചമ്മാവന്‍, പരമേശ്വരന്‍ തുടങ്ങിയവരുടെ കളിമികവും ആവേശവും കണ്ടറിഞ്ഞാണ് കുഞ്ഞുബാലകൃഷ്‌ണന്‍ വോളിബോള്‍ കളിയുമായി പ്രണയത്തിലാകുന്നത്. അന്ന് മുതല്‍ ഇന്നുവരെ ബാലകൃഷ്‌ണന് വോളിബോളാണ് ജീവനും ജീവിതവും.

കുട്ടികളെ 10, 11 വയസ് പ്രായമുള്ളപ്പോൾ തന്നെ കായികരoഗവുമായി അടുപ്പിക്കുന്നതാണ് അഭികാമ്യമെന്നാണ് ബാലകൃഷ്‌ണനാശാന്‍റെ അഭിപ്രായം. കൗമാരത്തിന്‍റെ തുടക്കത്തിൽ കായികരംഗവുമായി കുട്ടികൾ അടുത്താൽ മറ്റൊരു ലഹരിക്കും അവരെ കീഴ്‌പ്പെടുത്താനാകില്ല. 11-ാം വയസിലാണ് ബാലകൃഷ്‌ണനാശാനും കളി തുടങ്ങിയത്.

കളിക്കളത്തിൽ ബ്ലോക്കായിരുന്നു ബാലകൃഷ്‌ണനാശാന്‍റെ തുറുപ്പ് ചീട്ട്. എതിരാളിയുടെ സ്‌മാഷുകളെ ബ്ലോക്കുചെയ്യുന്ന ബാലകൃഷ്‌ണനാശാന്‍റെ സവിശേഷ കഴിവ് എക്കാലവും എതിർകളിക്കാരിലും കാണികളിലും മതിപ്പുളവാക്കി. 1964-ൽ 19-ാം വയസിൽഇടുക്കി കെ എസ് ഇ ബിയിൽ ബാലകൃഷ്‌ണനാശാന് ജോലി ലഭിച്ചതോടെ ഇടുക്കി ഹൈഡൽ റിക്രിയേഷൻ ക്ലബിന്‍റെ കീഴിൽ ടീം രൂപീകരിച്ചാണ് വോളിബോൾ കളിയിൽ സജീവമായത്.

കളിക്കൊപ്പം കളി സംഘടിപ്പിക്കുന്നതിലും അദ്ദേഹം ശ്രദ്ധ ചെലുത്തി. 1965-ൽ രാജ്യത്തെ മികച്ച വോളിബോൾ താരങ്ങളായ ബൽവന്ത് സിങ്, ഇന്തര്‍ സിങ്, നൃപജിത് സിങ് തുടങ്ങിയ പ്രമുഖ താരങ്ങളെ പങ്കെടുപ്പിച്ച് ഇടുക്കിയില്‍ നടത്തിയ ലോക്കല്‍ ടൂര്‍ണമെന്‍റിന്‍റെ ഒളിമങ്ങാത്ത ഓര്‍മകള്‍ ഇന്നും ബാലകൃഷ്‌ണനാശാനെ ആവേശത്തിലാക്കാറുണ്ട്. പരക്കെ മികച്ച കളിക്കാരനായി അംഗീകരിക്കപ്പെട്ടപ്പോഴും പ്രായത്തിന്‍റെ പേര് പറഞ്ഞ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ ഉൾപ്പെടുത്താതെ ആലപ്പുഴ ജില്ല ടീമംഗമായിരുന്ന ബാലകൃഷ്‌ണനാശാനെ തഴഞ്ഞതിന്‍റെ നൊമ്പരം ഇന്നും അദ്ദേഹത്തിന് മാറിയിട്ടില്ല.

ഇന്ത്യന്‍ വോളിബോള്‍ ഇതിഹാസ താരം ജിമ്മി ജോര്‍ജ്, പാല എംഎൽഎ മാണി സി കാപ്പൻ , ഹൈറേഞ്ച് സിംഹമെന്ന് അറിയപ്പെട്ട മാറാമറ്റം ദേവസ്യാച്ചൻ തുടങ്ങിയ നിരവധി പ്രമുഖ താരങ്ങളുമായും കളിക്കളത്തിൽ ബാലകൃഷ്‌ണനാശാൻ മാറ്റുരച്ചിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തിനിടയിൽ കെഎസ്ഇബിയിലെ ഉന്നത ഉദ്യോഗസ്ഥരായിരുന്ന ഇടുക്കി ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ എൻ.എം പെരുമാൾ, ചീഫ് എഞ്ചിനിയർമാരായ ആർ.ബാലകൃഷ്‌ണൻ നായർ, കെ.കെ മാത്യു തുടങ്ങിയവരുടെ പ്രോത്സാഹനം ബാലകൃഷ്‌ണനാശാന് നിർലോഭം ലഭിച്ചു. പരിശീലനം ലഭിച്ചിട്ടില്ലാത്ത ബാലകൃഷ്‌ണനാശൻ നിരന്തരമായ കളിയിലൂടെയാണ് കളിയിൽ മികവ് നേടിയത്. ജനസാന്ദ്രതയേറിയ വെെക്കo പോലുള്ള പ്രദേശങ്ങളിലെ ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ ഇന്‍റര്‍കോർട്ടുകൾ യാഥാർഥ്യമാക്കാൻ അധികൃതർ ഇച്ഛാശക്തി കാട്ടിയാൽ കുരുന്നിലേ കുട്ടികളെ പരിശീലിപ്പിക്കാനാകുമെന്ന് ബാലകൃഷ്‌ണനാശൻ പറയുന്നു.

Last Updated : Feb 21, 2023, 11:15 AM IST

ABOUT THE AUTHOR

...view details