ന്യൂഡല്‍ഹി:അത്‌ലറ്റുകളെ അപകടത്തിലാക്കുമെന്നതിനാല്‍ പരിശീലനം ഉടന്‍ ആരംഭിക്കരുതെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി രാജീവ് മേത്ത. കൊവിഡ് 19 പശ്ചാത്തലത്തില്‍ പരിശീലനം പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായി സായി കഴിഞ്ഞ ദിവസം എസ്‌ഒപി പുറത്തിറക്കിയ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശീലനത്തിലൂടെ ഇപ്പോൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ല. കൊവിഡ് 19 നിരക്കുകൾ നിയന്ത്രണത്തിലാകട്ടെ. രാജ്യത്തെ കൊവിഡ് 19 നിരക്കുകൾ ജൂണോടെ മൂർധന്യത്തില്‍ എത്തുമെന്നാണ് നിലവിലെ സൂചനകൾ. ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും കേസുകൾ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. അതിനാൽ തന്നെ ഇത്തരമൊരു സാഹചര്യത്തില്‍ പരിശീലനം പുനരാരംഭിക്കുന്നതിന് തുടുക്കം കാണിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
അത്‌ലറ്റുകൾ രാജ്യത്തിന്‍റെ സ്വത്താണ്, അവരെ അപകടത്തിലാക്കരുത്: രാജീവ് മേത്ത - ioa news
രാജ്യത്ത് കൊവിഡ് 19 നിരക്കുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തില്‍ കായിക താരങ്ങളുടെ പരിശീലനം പുനരാരംഭിക്കേണ്ടെന്നാണ് തന്‍റെ വ്യക്തപരമായ അഭിപ്രായമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി രാജീവ് മേത്ത
അത്‌ലറ്റുകൾ രാജ്യത്തിന്‍റെ സ്വത്താണെന്നും മേത്ത പറഞ്ഞു. അവർക്ക് സുരക്ഷ നൽകേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ചില അത്‌ലറ്റുകൾ ഒളിമ്പിക് യോഗ്യത നേടിയിട്ടുണ്ട്. അവർ ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുമെന്നതിൽ സംശയമില്ല. പരിശീലനം തുടങ്ങാനായി അവരെ സംസ്ഥാന അസോസിയേഷനുകളൊ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനോ നിർബന്ധിക്കരുത്. പരിശീലനം നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അത്‌ലറ്റുകളാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ സായി പുറപ്പെടുവിച്ച സ്‌റ്റാന്‍ഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ അനുസരിച്ച് സാമൂഹിക അകലം പാലിക്കുന്നതിനും ഉപകരണങ്ങൾ ഉൾപ്പെടെ അണുവിമുക്തമാക്കാനും ആവശ്യപെട്ടിട്ടുണ്ട്. പരിശീലനത്തിന് മുന്നോടിയായി സമ്മതപത്രത്തില്‍ ഒപ്പിടാനും എസ്‌ഒപിയില്‍ പറയുന്നു.