ലണ്ടൻ: രാജ്യാന്തര മത്സരങ്ങളിൽ അർജന്‍റീനൻ ഗോൾവലയ്‌ക്ക് മുന്നിൽ പുറത്തെടുത്ത മികച്ച പ്രകടനം ആസ്റ്റൺ വില്ലയിലും തുടരുകയാണ് എമിലിയാനോ മാർട്ടിനസ്. അർജന്‍റീനയ്ക്ക് വേണ്ടി കളിക്കുമ്പോൾ മാത്രം തിളങ്ങുന്ന താരമാണെന്ന് ഏറെ വിമർശനം നേരിട്ട താരമാണ് മാർട്ടിനസ്. എന്നാൽ, ലോകകപ്പിന് പിന്നാലെ വിമർശകരുടെ വായയടപ്പിക്കുന്ന തകർപ്പൻ പ്രകടനമാണ് പ്രീമിയർ ലീഗിലും താരം നടത്തുന്നത്.
പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയ്ക്കായി ഗോൾവല കാത്ത അവസാന 10 മത്സരങ്ങളിൽ ഏഴെണ്ണത്തിലും ക്ലീൻഷീറ്റ് നേടാൻ എമിലിയാനോ മാർട്ടിനസിനായി. അവസാന 10 മത്സരങ്ങളിൽ നിന്ന് വെറും മൂന്ന് ഗോളുകൾ മാത്രമാണ് അർജന്‍റൈൻ സൂപ്പർ ഗോൾകീപ്പർ വഴങ്ങിയിട്ടുള്ളത്. ഇക്കാലയളവിൽ പ്രീമിയർ ലീഗിൽ ഏറ്റവും കുറവ് ഗോളുകൾ വഴങ്ങിയ ഗോൾകീപ്പർ കൂടിയാണ് മാർട്ടിനസ്.
ഈ സീസണിൽ ഇതുവരെ 11 ക്ലീൻഷീറ്റുകൾ നേടിയ എമിലിയാനോ പ്രീമിയർ ലീഗിലെ ഗോൾഡൻ ഗ്ലൗ പട്ടികയിലും മുന്നിലുണ്ട്. നിലവിൽ നാലാം സ്ഥാനത്താണ് ആസ്റ്റൺ വില്ല ഗോൾകീപ്പർ. ലിവർപൂളിന്‍റെ ബ്രസീലിയൻ ഗോൾകീപ്പർ അലിസൺ ബെക്കറും 11 ക്ലീൻഷീറ്റുകളുണ്ട്. 14 ക്ലീൻഷീറ്റുകളുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ഡേവിഡ് ഡിഗിയയാണ് പട്ടികയിൽ ഒന്നാമത്. ഗോൾ വലയ്‌ക്ക് മുന്നിലെ ഈ ഉജ്വല ഫോം തുടരുകയാണെങ്കിൽ ലോകകപ്പിലെ ഗോൾഡൻ ഗ്ലൗ ജേതാവിനെ തേടി പ്രീമിയർ ലീഗിലെ മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്‌കാരം എത്തിയാലും അദ്‌ഭുതപ്പെടേണ്ടതില്ല.
ഉനായ് എമെറി പരിശീലകനായി വന്നതിന് ശേഷം പ്രീമിയർ ലീഗിൽ കുതിക്കുന്ന ആസ്റ്റൺ വില്ലയുടെ പ്രകടനത്തിന് പിന്നിൽ എമിയുടെ പ്രകടനത്തിനും പ്രധാന പങ്കുണ്ട്. അവസാന മത്സരത്തിൽ ഫുൾഹാമിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കിയ ആസ്റ്റൺ വില്ല, പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. 33 മത്സരങ്ങളിൽ നിന്ന് 54 പോയിന്‍റോടെ ടോട്ടൻഹാമിനെ മറികടന്നാണ് എമെറിയുടെ ടീം അഞ്ചാം സ്ഥാനത്തേക്ക് കയറിയത്. അവസാന 10 മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ആസ്റ്റൺ വില്ലയുടെ കുതിപ്പ്. ഫെബ്രുവരിയിൽ ആഴ്‌സണലിനെതിരായ ഹോം മത്സരത്തിൽ 4-2ന് തോറ്റതിന് ശേഷം അവർ ലീഗിൽ പരാജയപ്പെട്ടിട്ടില്ല.
ALSO READ :ഉനായ് എമെറി മാസ്റ്റർ ക്ലാസ് തുടരുന്നു ; പ്രീമിയർ ലീഗിൽ കുതിച്ചുയർന്ന് ആസ്റ്റൺ വില്ല