ഹാങ്‌ചോ :ഏഷ്യൻ ഗെയിംസിൽ അമ്പെയ്‌ത്തിൽ ഇന്ത്യയ്‌ക്ക് രണ്ട് സ്വർണം. വനിത - പുരുഷ വ്യക്തിഗത കോബൗണ്ട് ഇനങ്ങളിലാണ് ഇന്ത്യ അഭിമാന നേട്ടം കൈവരിച്ചത്. വനിതകളുടെ വ്യക്തിഗത കോബൗണ്ട് വിഭാഗത്തിൽ (archery women’s individual compound event) ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം (Jyothi Surekha Vennam) ദക്ഷിണ കൊറിയയുടെ സോ ചിവോണിനെ തോൽപ്പിച്ചാണ് സ്വർണം നേടിയത്.
ആദ്യ ഷോട്ടിൽ ഒമ്പത് പോയിന്‍റ് നേടിയ ജ്യോതി പിന്നീടുള്ള ഷോട്ടുകളിലെല്ലാം 10 സ്‌കോർ വീതം നേടി ആകെ 149 പോയിന്‍റ് നേടിയപ്പോൾ ദക്ഷിണ കൊറിയൻ താരത്തിന് 145 പോയിന്‍റുകൾ മാത്രമാണ് നേടാനായത്. ഇത്തവണത്തെ ഏഷ്യൻ ഗെയിംസിൽ ജ്യോതി നേടുന്ന മൂന്നാമത്തെ സ്വർണമാണിത്. അമ്പെയ്‌ത്തിൽ കോമ്പൗണ്ട് വനിത ടീമിലും കോമ്പൗണ്ട് മിക്‌സഡ് ടീം മത്സരങ്ങളിലുമാണ് ജ്യോതി മറ്റ് രണ്ട് സ്വർണങ്ങൾ നേടിയത്.
മെഡൽ തിളക്കത്തിൽ ഓജസും അഭിഷേകും :അതേസമയം, ഇന്ത്യയുടെ പുരുഷ താരങ്ങൾ മാറ്റുരച്ച വ്യക്തിഗത കോബൗണ്ട് അമ്പെയ്‌ത്ത് മത്സരത്തിൽ ഓജസ് പ്രവീൺ (Ojas Pravin Deotale Won Gold) സ്വർണവും അഭിഷേക് വർമ (Abhishek Verma Won Silver) വെള്ളിയും നേടി. 149 പോയിന്‍റുമായാണ് ഓജസ് വിജയകിരീടം സ്വന്തമാക്കിയത്. ഫുയാങ് യിൻഹു സ്‌പോർട്‌സ് സെന്‍ററിൽ നടന്ന ഫൈനൽ മത്സരത്തിൽ 147 പോയിന്‍റാണ് അഭിഷേക് വർമ നേടിയത്. അതേസമയം, ഏഷ്യൻ ഗെയിംസ് 2023 ൽ ഓജസ് നേടുന്ന മൂന്നാമത്തെ സ്വർണമാണിത്.