കേരളം

kerala

ETV Bharat / sports

Asian Champions Trophy | 'റോയല്‍ തിരിച്ചുവരവ്'..! കലാശപ്പോരില്‍ മലേഷ്യയെ മലര്‍ത്തിയടിച്ച് ഇന്ത്യ - ഇന്ത്യ

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റില്‍ നാലാം കിരീടം ചൂടി ഇന്ത്യന്‍ ഹോക്കി ടീം.

Asian Champions Trophy  Asian Champions Trophy 2023  ACT 2023  ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി  ഇന്ത്യ  ഇന്ത്യ vs മലേഷ്യ
Asian Champions Trophy

By

Published : Aug 13, 2023, 6:33 AM IST

Updated : Aug 13, 2023, 7:39 AM IST

ചെന്നൈ:വീറും വാശിയും നിറഞ്ഞ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ മലേഷ്യക്കെതിരായ ആവേശ ജയത്തോടെ കിരീടം ചൂടി ഇന്ത്യന്‍ ഹോക്കി ടീം. കലാശപ്പോരാട്ടത്തില്‍ 4-3 എന്ന സ്‌കോറിനാണ് ആതിഥേയരായ ഇന്ത്യയുടെ ജയം. 1-3 എന്ന സ്‌കോര്‍ നിലയില്‍ നിന്നും തിരിച്ചടിച്ചുകയറിയാണ് ഇന്ത്യ ടൂര്‍ണമെന്‍റ് ചരിത്രത്തിലെ നാലാം കിരീടത്തില്‍ മുത്തമിട്ടത്.

ഗ്രൂപ്പ് ഘട്ടത്തില്‍ മലേഷ്യയെ എതിരില്ലാത്ത അഞ്ച് ഗോളിന് വീഴ്‌ത്തിയതിന്‍റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇന്ത്യയ്‌ക്ക് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം ആദ്യ മിനിട്ടുകളില്‍ പുറത്തെടുക്കാനായിരുന്നില്ല. ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യന്‍ ഗോള്‍ മുഖത്തേക്ക് ഇരച്ചെത്താന്‍ മലേഷ്യന്‍ ടീമിന് സാധിച്ചിരുന്നു. എന്നാല്‍, ഒന്‍പതാം മിനിട്ടില്‍ ജുഗ്‌രാജ് സിങ്ങിലൂടെ ഇന്ത്യ ലീഡ് പിടിച്ചു.

ഇന്ത്യയുടെ ഈ ഗോള്‍ ആഘോഷം അധികം നേരം നീണ്ട് നിന്നില്ല. അഞ്ച് മിനിട്ടിന് ശേഷം ആദ്യ ക്വാര്‍ട്ടറില്‍ തന്നെ മേലഷ്യ ഇന്ത്യയ്‌ക്കൊപ്പം പിടിച്ചു. അബു കമാല്‍ അസറായുടെ ഗോളിലാണ് മലേഷ്യ ആദ്യ ക്വാര്‍ട്ടറില്‍ തന്നെ സമനില പിടിച്ചത്.

രണ്ടാം ക്വാര്‍ട്ടറിന്‍റെ തുടക്കത്തില്‍ തന്നെ മലേഷ്യയ്‌ക്ക് ഇന്ത്യയെ ഞെട്ടിക്കാനായി. റാസീ റഹീമായിരുന്നു ഇക്കുറി ഇന്ത്യന്‍ ഗോള്‍ വലയില്‍ പന്തെത്തിച്ചത്. ഇതോടെ 20 മിനിട്ട് പൂര്‍ത്തിയാകും മുന്‍പ് തന്നെ മലേഷ്യ 2-1ന് മുന്നിലെത്തി.

തുടര്‍ന്നും മലേഷ്യന്‍ ആക്രമണങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ പ്രതിരോധം വിറച്ചു. തുടരെ തുടരെയുള്ള ആക്രമണങ്ങളിലൂടെ മലേഷ്യ ഇന്ത്യന്‍ ടീമിനെ സമ്മര്‍ദത്തിലാക്കി. ഇതിന്‍റെ ഫലം ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് തന്നെ അവര്‍ക്ക് ലഭിച്ചു.

28-ാം മിനിട്ടിലാണ് മലേഷ്യ മൂന്നാം ഗോള്‍ നേടിയത്. അമിനുദ്ദീന്‍ മുഹമ്മദ് പെനാല്‍റ്റി കോര്‍ണറിലൂടെയായിരുന്നു അവര്‍ക്കായി ലക്ഷ്യം കണ്ടത്. ഇതോടെ 3-1 എന്ന നിലയിലാണ് ഇന്ത്യ മത്സരത്തിന്‍റെ ആദ്യ പകുതി അവസാനിപ്പിച്ചത്.

തിരിച്ചടിക്കാന്‍ മൂന്നാം ക്വാര്‍ട്ടറിന്‍റെ തുടക്കം മുതല്‍ തന്നെ ഇന്ത്യ കിണഞ്ഞ് പരിശ്രമിച്ചു. എന്നാല്‍, ഇതിനിടെ ലഭിച്ച അവസരങ്ങള്‍ കൃത്യമായി മുതലെടുക്കാന്‍ ഇന്ത്യയ്‌ക്ക് സാധിച്ചിരുന്നില്ല. നാല്‍പത് മിനിട്ടിന് ശേഷമായിരുന്നു മത്സരത്തിലേക്ക് ഇന്ത്യയുടെ തിരിച്ചുവരവ്.

45-ാം മിനിട്ടില്‍ രണ്ട് ഗോളുകള്‍ വലയിലെത്തിച്ച് മലേഷ്യയ്‌ക്കൊപ്പമെത്താന്‍ ഇന്ത്യയ്‌ക്കായി. ആദ്യം ഹര്‍മന്‍പ്രീത് സിങ്ങും രണ്ടാമത് ഗുര്‍ജന്തുമായിരുന്നു ഇന്ത്യയ്‌ക്കായി മലേഷ്യന്‍ വല കുലുക്കിയത്. 3-3 എന്ന നിലയില്‍ മത്സരത്തിന്‍റെ മൂന്നാം ക്വാര്‍ട്ടര്‍ അവസാനിച്ചതോടെ ആരാധകര്‍ ആവേശത്തോടെയാണ് അവസാന മിനിട്ടുകള്‍ക്കായി കാത്തിരുന്നത്.

അവസാന ക്വാര്‍ട്ടറില്‍ മലേഷ്യയുടെ ഗോള്‍ അവസരങ്ങള്‍ തട്ടിയകറ്റാന്‍ ഇന്ത്യയ്‌ക്കായി. എന്നാല്‍, ലഭിച്ച അവസരങ്ങള്‍ മുതലെടുക്കാന്‍ ഇന്ത്യയ്‌ക്കും ആദ്യം സാധിച്ചിരുന്നില്ല. ഒടുവില്‍, മത്സരം അവസാനിക്കാന്‍ നാല് മിനിട്ട് മാത്രം ശേഷിക്കെ ആകാശ്‌ദീപ് സിങ് ആതിഥേയര്‍ക്കായി കപ്പുറപ്പിച്ച ഗോള്‍ നേടുകയായിരുന്നു.

Last Updated : Aug 13, 2023, 7:39 AM IST

ABOUT THE AUTHOR

...view details