മെൽബൺ: ലോക ഒന്നാം നമ്പർ വനിത ടെന്നീസ് താരം ആഷ്‌ലി ബാർട്ടി വിരമിച്ചു. 25-ാം വയസിലാണ് ഓസ്‌ട്രേലിയൻ താരത്തിന്‍റെ അപ്രതീക്ഷിത വിരമിക്കൽ. താൻ വിരമിക്കുകയാണെന്ന വിവരം ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് ആഷ്‌ലി പുറത്തുവിട്ടത്.
അമേരിക്കയുടെ ഡാനിയേല കോളിന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ച് ആഷ്‍ലി ബാര്‍ട്ടി തന്‍റെ ആദ്യ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ഇക്കുറി ചൂടിയിരുന്നു. 1978ന് ശേഷം ചാമ്പ്യനാകുന്ന ആദ്യ ഓസ്‌ട്രേലിയന്‍ വനിത എന്ന വിശേഷണം ഇതോടെ ബാര്‍ട്ടിക്ക് സ്വന്തമായി. 2019ല്‍ ഫ്രഞ്ച് ഓപ്പണും കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണും ബാര്‍ട്ടി ഉയര്‍ത്തിയിരുന്നു.
2021ല്‍ വിംബിള്‍ഡണ്‍ നേടിയതോടെ ഓപ്പൺ യുഗത്തിൽ വിംബിൾഡൺ കിരീടം നേടുന്ന മൂന്നാമത്തെ മാത്രം ഓസ്ട്രേലിയൻ വനിതാ താരമെന്ന നേട്ടത്തിലെത്തിയിരുന്നു ബാര്‍ട്ടി. മാർഗരറ്റ് കോർട്ടും ഗൂലാഗോംഗ് കൗളിയുമായിരുന്നു ബാർട്ടിക്ക് മുമ്പ് വിംബിൾഡൺ കിരീടം സ്വന്തമാക്കിയ ഓസ്ട്രേലിയക്കാർ.
കഴിഞ്ഞ മൂന്ന് കലണ്ടര്‍ വര്‍ഷങ്ങളില്‍ ലോകത്തെ ഒന്നാം റാങ്കുകാരിയായി ആഷ്‌ലി തുടര്‍ന്നത് ശ്രദ്ധേയമായ നേട്ടമാണ്. 2018-ലെ യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ കൊക്കോ വാന്‍ഡെവെഗെയ്ക്കൊപ്പം കിരീടം ചൂടിയിട്ടുണ്ട് ആഷ്‌ലി.
'ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കൽ വളരെ ബുദ്ധിമുട്ടുള്ളതും വികാരം നിറഞ്ഞതുമാണ്. ടെന്നീസ് എനിക്ക് സമ്മാനിച്ച എല്ലാത്തിനും വളരെ നന്ദിയുണ്ട്, ഒപ്പം അഭിമാനവും സംതൃപ്തിയും തോന്നുന്നു. എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി.'- എന്നാണ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നത്. കൂടുതൽ കാര്യങ്ങൾ നാളെ വാര്‍ത്ത സമ്മേളനത്തിലൂടെ വെളിപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി.
ടെന്നിസിൽ നിന്നും ഇടക്കാല അവധിയെടുത്ത ബാർട്ടി പ്രഫഷണൽ ക്രിക്കറ്ററായി അരങ്ങേറിയിരുന്നു. ഓസ്ട്രേലിയയിലെ ആഭ്യന്തര ടി-20 ലീഗായ ബിഗ് ബാഷ് ലീഗിൽ ബ്രിസ്ബേൻ ഹീറ്റ്സിന്‍റെ താരമായിരുന്നു ബാർട്ടി. 2014ൽ ബ്രിസ്ബേൻ ഹീറ്റ്സിനായി 10 മത്സരങ്ങൾ കളിച്ചിട്ടുള്ള ബാർട്ടിയുടെ ഉയർന്ന സ്കോർ 39 ആണ്. പിന്നീട് ടെന്നിസാണ് തന്‍റെ വഴിയെന്ന് തിരിച്ചറിഞ്ഞ ബാർട്ടി വീണ്ടും കോര്‍ട്ടില്‍ തിരിച്ചെത്തിയെങ്കിലും ആദ്യ ഗ്രാൻസ്ലാം കിരീട നേട്ടത്തിനായി 2019ലെ ഫ്രഞ്ച് ഓപ്പൺ വരെ കാത്തിരിക്കേണ്ടിവന്നു.
ALSO READ:ബിഡബ്ല്യുഎഫ് ലോക റാങ്ക് : ലക്ഷ്യ സെന്‍ ആദ്യ പത്തില്‍, കരിയറിലെ മികച്ച റാങ്കിങ്