ലാറ്റിനമേരിക്കൻ ഫുട്‌ബോളിന് മതിയായ നിലവാരമില്ലെന്ന എംബാപ്പെയുടെ വാക്കുകൾ ഏറെ ചർച്ചയായിരുന്നു. എന്നാൽ ഫ്രഞ്ച് താരത്തിന്‍റെ പ്രസ്‌താവനയ്‌ക്ക് ബ്രസീൽ പരിശീലകൻ ടിറ്റെ, നിരവധി അർജന്‍റൈൻ താരങ്ങൾ മറുപടി നൽകിയിരുന്നു. ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി അർജന്‍റീന ജേതാക്കളായപ്പോഴും യുവതാരത്തിന്‍റെ ഈ പ്രസ്‌താവനയ്‌ക്ക് മറുപടിയുമായി പ്രമുഖർ രംഗത്തെത്തി.
ഇപ്പോൾ അർജന്‍റീന ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്‍റ് ക്ലോഡിയോ ടാപിയയാണ് എംബാപ്പെയെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. നിലവിലെ ലോകകപ്പ് ജേതാക്കൾ അർജന്‍റീനയാണ് അതോടൊപ്പം തന്നെ അണ്ടർ 17 ലോകകപ്പിലും ഒളിമ്പിക്‌സിലും ബ്രസീലാണ് വിജയികൾ. ഇപ്പോഴിതാ അണ്ടർ 20 ലോകകപ്പും യുറുഗ്വേയിലൂടെ ലാറ്റിനമേരിക്കൻ മണ്ണിലെത്തിയിരിക്കുന്നു. പിന്നെ എങ്ങനെയാണ് ലാറ്റിനമേരിക്കൻ ടീമുകൾക്ക് യൂറോപ്യൻ രാജ്യങ്ങളുടെ നിലവാരമില്ലെന്ന് എംബാപ്പെ പറഞ്ഞതെന്നായിരുന്നു ടാപിയ ട്വിറ്ററിൽ കുറിച്ചത്. കഴിഞ്ഞ ദിവസം ഇറ്റലിയെ പരാജയപ്പെടുത്തി ലാറ്റിനമേരിക്കൻ രാജ്യമായ യുറുഗ്വേ അണ്ടർ 20 ലോകകപ്പ് ജേതാക്കളായതിന് പിന്നാലെയായിരുന്നു ടാപിയയുടെ പ്രസ്‌താവന.
2022 ലോകകപ്പ് ആരംഭിക്കുന്നതിന് ഏകദേശം ആറു മാസങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിലായിരുന്നു ലാറ്റിനമേരിക്കൻ ഫുട്‌ബോളിനെതിരെ എംബാപ്പെയുടെ പരാമർശം. ദക്ഷിണ അമേരിക്കയ്ക്ക് യൂറോപ്പിന്‍റേത് പോലെയുള്ള നിലവാരമില്ല. യൂറോപ്പിലേതുപോലെ അവിടെ ഫുട്ബോൾ അത്ര പുരോഗമിച്ചിട്ടില്ല. അതുകൊണ്ടാണ് കഴിഞ്ഞ ലോകകപ്പുകളിലെല്ലാം യൂറോപ്യന്‍ ടീമുകള്‍ വിജയിച്ചതെന്നായിരുന്നു എംബാപ്പെ പറഞ്ഞിരുന്നത്. എന്നാൽ ഇതിന് ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കിരീടമുയർത്തിയാണ് അർജന്‍റീന എംബാപ്പെയോട് മറുപടി പറഞ്ഞത്.