റിയോ ഡി ജനിറോ:വീണ്ടുമൊരു മാറക്കാന ദുരന്തം. ആരാധകരുടെ തമ്മിലടിയും പൊലീസിന്‍റെ ഇടപെടലും ചുവപ്പുകാർഡും എല്ലാം നിറഞ്ഞ മത്സരത്തില്‍ ചരിത്ര പ്രസദ്ധമായ മാറക്കാന സ്റ്റേഡിയത്തില്‍ അർജന്‍റീയോട് തോറ്റ് ബ്രസീല്‍. ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീല്‍ അർജന്‍റീനയോട് പരാജയമറിഞ്ഞത്.
ഇന്ത്യൻ സമയം ഇന്ന് രാവിലെ ആറരയ്ക്ക് തുടങ്ങിയ മത്സരത്തില്‍ 63-ാം മിനിട്ടില്‍ പ്രതിരോധ താരം നിക്കോളാസ് ഒട്ടമെൻഡി നേടിയ ഗോളിനാണ് അർജന്‍റീന ബ്രസീലിനിടെ പരാജയപ്പെടുത്തിയത്. മത്സരം തുടങ്ങുന്നതിന് മുൻപ് ഇരുടീമുകളുടേയും ആരാധകർ സ്റ്റേഡിയത്തില്‍ കയ്യാങ്കളിയില്‍ ഏർപ്പെട്ടതിനെ തുടർന്ന് അരമണിക്കൂർ വൈകിയാണ് യോഗ്യത മത്സരം ആരംഭിച്ചത്.
വൈകി ആരംഭിച്ച മത്സരത്തില്‍ ആദ്യ 45 മിനിറ്റില്‍ ആരും ഗോളടിച്ചില്ല. രണ്ടാം പകുതി തുടങ്ങിയ ശേഷം ലഭിച്ച കോർണർ കിക്കില്‍ നിന്നാണ് ഒട്ടമെൻഡിയുടെ തകർപ്പൻ ബുള്ളറ്റ് ഹെഡ്ഡർ അർജന്‍റീനയ്ക്ക് ജയമൊരുക്കിയത്. ലോകകപ്പ് യോഗ്യത ചരിത്രത്തില്‍ സ്വന്തം മണ്ണിലെ ആദ്യ തോല്‍വിയും ഈ ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ തുടർച്ചയായ മൂന്നാം തോല്‍വിയുമാണ് വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തില്‍ ബ്രസീലിന് നേരിടേണ്ടി വന്നത്. അതേസമയം അർജന്‍റീനയ്ക്ക് എതിരായ തുടർച്ചയായ നാലാം തോല്‍വി കൂടിയാണ് ബ്രസീല്‍ ഇന്ന് നേരിട്ടത്.
ഗാലറിയില്‍ അടി, തിരിച്ചുകയറി അർജന്‍റീന: മത്സരം ആരംഭിക്കുന്നതിന് മുൻപ് ഗാലറിയില്‍ ഇരു ടീമുകളുടേയും ആരാധകർ തമ്മിലടിച്ചതോടെയാണ് മത്സരം വൈകിയത്. ഗാലറിയില്‍ പൊലീസും ആരാധകരും ഏറ്റുമുട്ടുമ്പോൾ അർജന്‍റീനൻ താരങ്ങൾ പൊലീസിനോട് തർക്കിക്കുന്ന ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടുണ്ട്്. അർജന്‍റീനൻ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് അടക്കമുള്ളവരാണ് പൊലീസിനോട് തർക്കിച്ചത്.