റിയോ ഡി ജനീറോ : വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്‍റീനയുടെ ചാമ്പ്യന്‍ കോച്ച് ലയണല്‍ സ്‌കലോണി (Argentina football team coach Lionel Scaloni hints retirement). ഫിഫ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാറൗണ്ടിൽ ബ്രസീലുമായുള്ള മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇതുമായി ബന്ധപ്പെട്ട് സ്‌കലോണി സംസാരിച്ചത് (Brazil vs Argentina FIFA world cup 2026 qualifier match).
"ഭാവിയില്‍ എന്ത് ചെയ്യാന്‍ പോകുന്നു എന്നതിനെക്കുറിച്ച് ഒരുപാട് ചിന്തിക്കേണ്ടതായുണ്ട്. ഈ സംഘത്തിന്‍റെ പരിശീലകനെന്ന നിലയിൽ നിറഞ്ഞ പിന്തുണയാണ് നല്‍കിയത്. ഈ ടീമിന് സാധ്യമായ എല്ലാ ഊർജ്ജവുമുള്ള ഒരു പരിശീലകനെ ആവശ്യമുണ്ട്"- സ്‌കലോണി ( Lionel Scaloni) പറഞ്ഞു.
ഇതൊരു വിടപറച്ചിലല്ലെന്നും 45-കാരനായ സ്‌കലോണി വ്യക്തമാക്കിയിട്ടുണ്ട്. "ഈ സമയത്ത് എനിക്ക് ചിന്തിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ഇതൊരു വിടപറച്ചിലോ മറ്റെന്തെങ്കിലുമോ അല്ല. പക്ഷേ എനിക്ക് ചിന്തിക്കേണ്ടതായുണ്ട്. കളിയുടെ നിലവാരം വളരെ ഉയര്‍ന്നതാണ്. എന്നെ സംബന്ധിച്ച് മുന്നോട്ടുപോവുന്നത് സങ്കീർണവും, എപ്പോഴും വിജയിക്കുക എന്നത് പ്രയാസകരവുമാണ്" - സ്‌കലോണി പറഞ്ഞുനിര്‍ത്തി.
ഫിഫ ലോകകപ്പില്‍ വീണ്ടുമൊരു കിരീടത്തിനായുള്ള അര്‍ജന്‍റീനയുടെ 36 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച പരിശീലകനാണ് ലയണല്‍ സ്‌കലോണി. 2022-ലെ ഖത്തര്‍ ലോകകപ്പില്‍ ലയണല്‍ മെസിയും സംഘവും കിരീടത്തിലേക്ക് എത്തിയത് 45-കാരന്‍ ഒരുക്കിയ തന്ത്രങ്ങളുടെ പിന്‍ബലത്തിലാണ്. 2018-ലാണ് മുന്‍ താരം കൂടിയ സ്‌കലോണി അര്‍ജന്‍റൈന്‍ പരിശീലകന്‍റെ കുപ്പായം അണിയുന്നത്. തുടര്‍ന്ന് ഖത്തര്‍ ലോകകപ്പില്‍ വിജയഭേരി മുഴക്കും മുമ്പ് കോപ്പ അമേരിക്ക, ഫൈനലിസിമ വിജയത്തിലേക്കും നീലപ്പടയെ നയിക്കാന്‍ സ്‌കലോണിക്ക് കഴിഞ്ഞിരുന്നു.