ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിന്‍റെ പുതിയ സീസണിലെ ആദ്യ ലണ്ടൻ ഡെർബിയിൽ കൊമ്പുകോർത്ത് ചെൽസി-ടോട്ടൻഹാം പരിശീലകർ. സമനിലയില്‍ പിരിഞ്ഞ മത്സരത്തിന് ശേഷമാണ് ചെല്‍സി കോച്ച് തോമസ് ട്യൂഷലും ടോട്ടനം പരിശീലകന്‍ അന്‍റോണിയോ കോണ്ടെയും നേര്‍ക്കുനേര്‍ നിന്നത്.
കൈകൊടുത്ത് പിരിയുന്നതിനിടെ കോണ്ടെ മുഖത്ത് നോക്കാത്തതില്‍ ട്യൂഷ്യല്‍ പ്രകോപിതനാവുകയായിരുന്നു. ഇതിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് മാച്ച് റഫറി രണ്ട് പേര്‍ക്കും റെഡ് കാര്‍ഡ് നല്‍കി.
ആവേശപ്പോരില്‍ ഒപ്പം പിടിച്ച് ടോട്ടന്‍ഹാം:രണ്ട് ഗോളുകള്‍ വീതം നേടിയാണ് ചെല്‍സി - ടോട്ടന്‍ഹാം പോരാട്ടം സമനിലയില്‍ അവസാനിച്ചത്. കലിഡൗ കൗലിബാലി, റീസെ ജയിംസ് എന്നിവര്‍ ചെല്‍സിക്കും, ഹോബെര്‍ഗ്, ഹാരി കെയ്‌ന്‍ എന്നിവര്‍ ടോട്ടന്‍ഹാമിനായും ലക്ഷ്യം കണ്ടു.
മത്സരത്തിന്‍റെ 19-ാം മിനുട്ടില്‍ തന്നെ കൗലിബാലിയുടെ ഗോളിലൂടെ ചെല്‍സി മുന്നിലെത്തി. എന്നാല്‍ 68-ാം മിനുട്ടില്‍ ഹോബെര്‍ഗ് ടോട്ടന്‍ഹാമിനെ ഒപ്പമെത്തിച്ചു. തുടര്‍ന്ന് 77-ാം മിനുട്ടില്‍ റീസെയിലൂടെ ഒരിക്കല്‍കൂടി ചെല്‍സി മുന്നിലെത്തി. എന്നാല്‍ 96-ാം മിനുട്ടില്‍ ഹാരി കെയ്ന്‍ ലക്ഷ്യം കണ്ടതോടെ സമനില പിടിക്കാന്‍ ടോട്ടന്‍ഹാമിന് കഴിഞ്ഞു.
also read: "മെസിയെ ബഹുമാനിക്കൂ, ഈ ചെക്കന് എന്താണ് കുഴപ്പം?"; എംബാപ്പെയുടെ കോമാളിത്തരങ്ങള്‍ക്കെതിരെ ആരാധകര്‍