ലണ്ടൻ : ഇന്ത്യന്‍ താരം ലക്ഷ്യ സെൻ ഓൾ ഇംഗ്ലണ്ട് ബാഡ്‌മിന്‍റൺ ടൂർണമെന്‍റിന്‍റെ ഫൈനലില്‍. സെമിയില്‍ നിലവിലെ ചാമ്പ്യനായ മലേഷ്യയുടെ ലീ സി ജിയയെ അട്ടിമറിച്ചാണ് ഇന്ത്യന്‍ താരത്തിന്‍റെ മുന്നേറ്റം. ഒരു മണിക്കൂറും പതിനാറ് മിനിറ്റും നീണ്ടുനിന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് 20കാരനായ ലക്ഷ്യ ജയിച്ച് കയറിയത്. സ്‌കോര്‍: 21-13 12-21 21-19.
ആദ്യ സെറ്റില്‍ 10-6ന്‍റെ ലീഡ് നേടിയാണ് ലക്ഷ്യ മത്സരം ആരംഭിച്ചത്. എന്നാല്‍ 13-12 എന്ന നിലയിലേക്ക് ലീ സി ജിയ കളിയെത്തിച്ചു. തുടര്‍ന്ന് തുടര്‍ച്ചയായ ആറ് പോയിന്‍റ് നേടിയ ഇന്ത്യന്‍ താരം 19-12 എന്ന സ്‌കോറിലേക്ക് കുതിച്ചു. ഒടുവിൽ ഒരു പോയിന്‍റ് മാത്രം വിട്ട് നല്‍കി 21-13ന് ഓപ്പണിങ് സെറ്റ് സ്വന്തമാക്കാനും താരത്തിനായി.
ക്വാർട്ടർ ഫൈനലിൽ ലോക രണ്ടാം നമ്പർ താരവും രണ്ട് തവണ ലോക ചാമ്പ്യനുമായ ജപ്പാന്‍റെ കെന്‍റോ മൊമോട്ടയെ തോൽപ്പിച്ച മലേഷ്യൻ താരം അടുത്ത ഗെയിമിൽ തുടർച്ചയായി ആറ് പോയിന്‍റുകൾ സ്വന്തമാക്കി 2-9ന്‍റെ ലീഡെടുത്ത് ഗംഭീര തിരിച്ചുവരവ് നടത്തി. സെറ്റില്‍ 5-16ന് പിന്നിലായിരുന്ന ലക്ഷ്യ തുടര്‍ച്ചയായി അഞ്ച് പോയിന്‍റ് നേടി 10-16 എന്ന നിലയില്‍ തിരിച്ചുവരവിന് ശ്രമം നടത്തിയെങ്കിലും 12-21ന് ലീ സി ജിയ സെറ്റ് പിടിച്ചു.