ലണ്ടൻ: ഓൾ ഇംഗ്ലണ്ട് ബാഡ്‌മിന്‍റൺ ടൂർണമെന്‍റിന്‍റെ വനിത സിംഗിൾസിൽ പി.വി സിന്ധുവും സൈന നെഹ്‌വാളും രണ്ടാം റൗണ്ടിൽ കടന്നു. സിന്ധു ആദ്യ റൗണ്ടിൽ ചൈനയുടെ സീ യി വാംഗിനേയും സൈന സ്പെയിനിന്‍റെ ബിയാട്രിസ് കൊറാലസിനേയും ആദ്യ റൗണ്ടിൽ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കി.
ലോക ഏഴാം നമ്പർ താരമായ സിന്ധു 21-18, 21-13 എന്ന സ്‌കോറിനാണ് ചൈനീസ് താരത്തെ പരാജയപ്പെടുത്തിയത്. രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ സിന്ധു മികച്ച രീതിയിൽ തുടങ്ങി. മികച്ച പ്രകടനത്തോടെ വാങ് ഷി യി തിരിച്ചുവരവിനുള്ള ശ്രമം നടത്തിയെങ്കിലും തുടക്കത്തിൽ നേടിയ ലീഡിന്‍റെ ബലത്തിൽ 21-18 ന് സിന്ധു ഗെയിം സ്വന്തമാക്കി.
രണ്ടാം ഗെയിമിൽ, ചൈനീസ് എതിരാളിയുടെ മേൽ ആധിപത്യം തുടർന്ന സിന്ധു 9-0 ന് ലീഡെടുത്ത് 21-13 ന് ഗെയിം നേടി. മത്സരം 42 മിനിറ്റിനുള്ളിൽ അവസാനിച്ചു. ടൂർണമെന്‍റിലെ ആറാം സീഡായ സിന്ധു രണ്ടാം റൗണ്ടിൽ ജപ്പാന്‍റെ സയാകാ തകഹാഷിയും തായ്‌ലൻഡിന്‍റെ സുപനിദ കതേതോംഗും തമ്മിലുള്ള മത്സരത്തിലെ വിജയിയെ നേരിടും.
അതേസമയം, ലോക റാങ്കിങ്ങിൽ 25-ാം റാങ്കുകാരിയായ സൈന നെഹ്‌വാൾ 21-17, 21-19 എന്ന സ്‌കോറിനാണ് ലോക 51-ാം നമ്പർ താരമായ സ്‌പെയിനിന്‍റെ ബിയാട്രിസ് കൊറാലെസിനെ പരാജയപ്പെടുത്തിയത്.