ന്യൂഡല്‍ഹി :ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വിദേശത്ത് കുടുങ്ങിയ ഇന്ത്യന്‍ ക്ലബ്ബുകള്‍ക്കായി കേന്ദ്ര കായിക മന്ത്രാലയം രംഗത്ത്. ഗോകുലം കേരള എഫ് സി, മോഹന്‍ ബഗാന്‍ ക്ലബ്ബുകളെ ടൂര്‍ണമെന്‍റുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് മന്ത്രാലയം കത്ത് നല്‍കിയത്. ഫിഫയ്‌ക്കും, ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനുമാണ് കത്ത് അയച്ചതെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു.
ഗോകുലം കേരളയുടെ വനിത ടീം നിലവില്‍ ഉസ്ബെക്കിസ്ഥാനിലും, മോഹന്‍ ബഗാന്‍ ബഹ്റൈനിലുമാണുള്ളത്. ഫിഫ എഐഎഫ്‌എഫിനെ സസ്പെൻഡ് ചെയ്‌തതായി പ്രഖ്യാപിക്കുമ്പോൾ ഗോകുലം കേരള ഉസ്ബെക്കിസ്ഥാനിൽ ഉണ്ടായിരുന്നു. യുവ താരങ്ങളുടെ ഭാവി കണക്കിലെടുത്ത് എഎഫ്‌സി വനിത ക്ലബ് ചാമ്പ്യൻഷിപ്പിൽ കളിക്കാൻ ടീമിനെ അനുവദിക്കുന്നത് പരിഗണിക്കണമെന്നാണ് കത്തിലൂടെ മന്ത്രാലയം അഭ്യര്‍ഥിച്ചത്.
ഓഗസ്റ്റ് 23, 26 തീയതികളിലായാണ് ഗോകുലത്തിന്‍റെ മത്സരങ്ങള്‍. ഫിഫയ്‌ക്കും, ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനും കത്തയച്ചതിന് പുറമെ ടീമിന് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ ഉസ്‌ബെക്കിസ്ഥാന്‍ ഇന്ത്യന്‍ എംബസിയ്‌ക്കും നിര്‍ദേശം നല്‍കി. ഗോകുലം ടീമിന്‍റെ മാനേജ്‌മെന്‍റുമായും മന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നുണ്ട്. ടീമുകള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനാവശ്യമായ പരിശ്രമങ്ങള്‍ നടത്തിവരികയാണെന്നും അനുരാഗ് താക്കൂര്‍ വ്യക്തമാക്കി.