കൊല്‍ക്കത്ത : എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ക്വാളിഫയറില്‍ ഇന്ത്യയ്‌ക്ക് രണ്ടാം ജയം. ഗ്രൂപ്പ് ഡിയിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ ജയം.
ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും മലയാളി താരം സഹല്‍ അബ്‌ദുള്‍ സമദുമാണ് ലക്ഷ്യം കണ്ടത്. സുബൈര്‍ അമീരിയാണ് അഫ്‌ഗാന്‍റെ പട്ടികയിലെ ഗോളിനുടമ. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്‍റെ തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ആദ്യ പകുതിയില്‍ ഗോള്‍ അകന്നുനിന്നു.
തുടര്‍ന്ന് രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. 86ാം മിനിട്ടില്‍ നായകന്‍ ഛേത്രിയിലൂടെ ഇന്ത്യയാണ് ആദ്യം ലക്ഷ്യം കണ്ടത്. മലയാളി താരം ആഷിഖ് കുരുണിയനിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കില്‍ നിന്നായിരുന്നു ഛേത്രിയുടെ ഗോള്‍ നേട്ടം.
എന്നാല്‍ രണ്ട് മിനിട്ടുകള്‍ക്കകം അഫ്‌ഗാന്‍ തിരിച്ചടിച്ചു. 88ാം മിനിട്ടില്‍ ലഭിച്ച കോര്‍ണര്‍ അവസരത്തിനൊത്ത് ഹെഡ് ചെയ്‌ത സുബൈര്‍ അമീരി ഇന്ത്യന്‍ പോസ്റ്റില്‍ പന്ത് കയറ്റുകയായിരുന്നു. തുടര്‍ന്ന് 91ാം മിനിട്ടിലാണ് സമദിന്‍റെ ഗോളിലൂടെ ഇന്ത്യ ജയം പിടിച്ചത്.
ഛേത്രിക്ക് പകരക്കാരനായി എത്തിയ സഹലിന് മനോഹരമായ പാസിലൂടെ ആഷിഖ് കുരുണിയനാണ് വഴിയൊരുക്കിയത്. വിജയത്തോടെ രണ്ട് മത്സരങ്ങളില്‍ നിന്നും ആറ് പോയിന്‍റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അതേസമയം കളിച്ച രണ്ട് മത്സരങ്ങളില്‍ രണ്ടും തോറ്റ അഫ്‌ഗാന്‍ മൂന്നാം സ്ഥാനത്താണ്.