കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ സായി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)യും ഹരിയാനയും ഏറ്റുമുട്ടും. നാളെ വൈകിട്ട് നാലിനാണ് ഫൈനല്‍. നിശ്ചിതസമയത്തും പെനാല്‍റ്റി ഷൂട്ടൗട്ടിലും തുല്യത പാലിച്ചതിനെ തുടര്‍ന്ന് നടന്ന സഡന്‍ഡെത്തില്‍ മധ്യപ്രദേശ് ഹോക്കി അക്കാദമിയെ 2-1ന് തോല്‍പിച്ചാണ് സായി ഫൈനലില്‍ എത്തിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മേജര്‍ ടൂര്‍ണമെന്‍റില്‍ സായി കിരീടപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്. മധ്യപ്രദേശ് ഹോക്കി അക്കാദമിയുടെ അഞ്ച് ഷൂട്ടുകള്‍ രക്ഷപ്പെടുത്തിയ ഗോള്‍ കീപ്പര്‍ അന്‍ഷു ലാക്രയാണ് സായിയുടെ വിജയശില്‍പി.
വനിതാ ഹോക്കി; എ ഡിവിഷനില്‍ കിരീടപ്പോരാട്ടത്തിന് സായിയും ഹരിയാനയും - ഹോക്കി വാർത്ത
ചരിത്രത്തിലാദ്യമായാണ് ഒരു മേജര്‍ ഹോക്കി ടൂര്‍ണമെന്‍റില്‍ സായി കിരീടപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്
ആവേശകരമായ രണ്ടാം സെമിഫൈനലില്‍ ഹരിയാന രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മഹാരാഷ്‌ട്രയെ തോല്‍പിച്ചു. ഹരിയാനയ്ക്കായി ദേവികസെന്‍ രണ്ടും ദീപിക ഒരു ഗോളും നേടി. മഹാരാഷ്‌ട്രക്കായി വൈഷ്ണവി വിദാല്‍ ഫാല്‍ക്കെ, റുതുജ പിസാല്‍ എന്നിവര്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്‌തു. നാളെ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ലൂസേഴ്‌സ് ഫൈനലില്‍ മധ്യപ്രദേശ് ഹോക്കി അക്കാദമിയും മഹാരാഷ്‌ട്രയും മാറ്റുരക്കും. ടൂര്‍ണമെന്‍റിലെ ഗോള്‍ വേട്ടക്കാരില്‍ മുന്നില്‍ നില്‍ക്കുന്നത് ഒന്‍പത് ഗോളുകള്‍ സ്വന്തമാക്കിയ മഹാരാഷ്‌ട്രയുടെ റുതുജ പിസാലാണ്. ഏഴ് ഗോളുകളുമായി ഹരിയാനയുടെ ദീപികയാണ് രണ്ടാം സ്ഥാനത്ത്.