കേരളം

kerala

ETV Bharat / sports

വനിതാ ഹോക്കി; എ ഡിവിഷന്‍ സെമി ലൈനപ്പായി

സായി, മധ്യപ്രദേശ് ഹോക്കി അക്കാദമി, ഹരിയാന, മഹാരാഷ്‌ട്ര ടീമുകൾ ദേശീയ സീനിയർ വനിതാ ഹോക്കിയിലെ എ ഡിവിഷനില്‍ സെമി ഫൈനല്‍ കളിക്കും

വനിതാ ഹോക്കി വാർത്ത  ഹോക്കി വാർത്ത  hockey news  women's hockey news
വനിതാ ഹോക്കി

By

Published : Feb 6, 2020, 9:26 PM IST

കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ സെമിഫൈനല്‍ ലൈനപ്പായി. ആദ്യ സെമിയില്‍ സായി (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) മധ്യപ്രദേശ് ഹോക്കി അക്കാദമിയെ നേരിടും. ഹരിയാന രണ്ടാം സെമി ഫൈനലില്‍ മഹാരാഷ്‌ട്രയെ നേരിടും. നാളെയാണ് രണ്ട് സെമി ഫൈനല്‍ മത്സരങ്ങളും നടക്കുക. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ആദ്യ സെമിഫൈനല്‍. വൈകീട്ട് നാലിനാണ് രണ്ടാമത്തെ സെമി ഫൈനല്‍.

നിലവിലെ വെങ്കലമെഡല്‍ ജേതാക്കളാണ് ഹരിയാന. അതേസമയം ടൂര്‍ണമെന്‍റിലെ റണ്ണേഴ്‌സപ്പ് കൂടിയായ മധ്യപ്രദേശിനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കീഴടക്കിയാണ് സായിയുടെ സെമി പ്രവേശം. സായി ഇതാദ്യമായാണ് ടൂർണമെന്‍റിന്‍റെ സെമിയില്‍ കടക്കുന്നത്. നിശ്ചിത സമയത്ത് ഇരുടീമുകളും 2-2 ന് തുല്യത പാലിച്ചതിനെ തുടര്‍ന്ന് നടന്ന പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സായിയുടെ ജയം. നിശ്ചിതസമയത്ത് മധ്യപ്രദേശിനായി നരേന്ദര്‍ കൗര്‍, രാജു റന്‍വ എന്നിവര്‍ ഗോളടിച്ചു. കിസ്സാന്‍ ഗായത്രി, ബേതാന്‍ ഡുങ് ഡുങ് എന്നിവർ സായിക്ക് വേണ്ടിയും ഗോളടിച്ചു. മികച്ച പ്രകടനം പുറത്തെടുത്ത ഗോള്‍കീപ്പര്‍ അന്‍ഷു ലാക്രയാണ് സായിയുടെ വിജയശില്‍പി.

പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് മധ്യപ്രദേശ് ഹോക്കി അക്കാദമി സെമിയിലെത്തിയത്. ഇത് നാലാം തവണയാണ് മധ്യപ്രദേശ് ഹോക്കി അക്കാദമി സെമിയിലെത്തുന്നത്. ജ്യോതിപാല്‍ ടീമിന്‍റെ വിജയഗോള്‍ നേടി. ഒഡീഷയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ഹരിയാനയുടെ സെമി പ്രവേശം. ജാര്‍ഖണ്ഡിനെതിരെ അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ മഹാരാഷ്‌ട്ര ഒന്നിനെതിരെ രണ്ട് ഗോളുകളുടെ ജയം സ്വന്തമാക്കി. ടൂർണമെന്‍റിലെ ഗോൾ വേട്ടയില്‍ ഒന്നാം സ്ഥാനത്തുള്ള റിതുജ പിസാൽ മഹാരാഷ്‌ട്രക്കായി രണ്ടു ഗോളുകള്‍ നേടി. ടോപ്പോ അല്‍ബേല റാണി ജാര്‍ഖണ്ഡിന് വേണ്ടി ആശ്വാസ ഗോള്‍ നേടി.

ഞായറാഴ്ച വൈകീട്ട് നാലിനാണ് ടൂർണമെന്‍റിലെ കിരീടപ്പോരാട്ടം. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ലൂസേഴ്‌സ് ഫൈനല്‍ മത്സരവും നടക്കും.

ABOUT THE AUTHOR

...view details