ന്യൂഡൽഹി : ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ടീമിലെ അംഗമായിരുന്ന രൂപീന്ദർ പാൽ സിങ് രാജ്യാന്തര ഹോക്കിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യൻ ടീമിലെ തന്നെ ഏറ്റവും മികച്ച ഡ്രാഗ് ഫ്ലിക്കറായ താരം സോഷ്യൽ മീഡിയയിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
'കഴിഞ്ഞ രണ്ട് മാസങ്ങൾ എന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളായിരുന്നു. ടോക്കിയോയിൽ സഹതാരങ്ങൾക്കൊപ്പം ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവമാണ് പങ്കുവച്ചത്. കഴിഞ്ഞ 13 വർഷമായി ഞാൻ ആസ്വദിച്ച എല്ലാം നിമിഷങ്ങളും പുതിയ തലമുറയിലെ താരങ്ങൾ കൂടി അനുഭവിക്കണം', രൂപീന്ദർ കുറിച്ചു.
13 വർഷം നീണ്ട കരിയറിനിടെ മുപ്പതുകാരനായ താരം 223 മത്സരങ്ങളിൽ നിന്നായി 119 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്. ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യക്കായി മൂന്ന് ഗോളുകളാണ് രൂപീന്ദർ സ്വന്തമാക്കിയത്. വെങ്കല മെഡൽ മത്സരത്തിൽ താരം നേടിയ പെനാൽട്ടി ഗോളും ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു.
ALSO READ :ചാമ്പ്യൻസ് ലീഗ് : യുണൈറ്റഡിനും യുവന്‍റസിനും വിജയം, തോൽവി തുടർക്കഥയാക്കി ബാഴ്‌സലോണ
2014ൽ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ടീമിലും കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടിയ ടീമിലും രൂപീന്ദർ അംഗമായിരുന്നു. 2014 ലെ ലോകകപ്പ് ടീമിലെ വൈസ് ക്യാപ്റ്റനായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർന്ന് പരിക്കുമൂലം 2018-19 സീസണില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനിന്ന താരം 2020 ല്‍ ശക്തമായി തിരിച്ചുവരികയായിരുന്നു.