ടോക്കിയോ: 41 വർഷങ്ങൾക്ക് ശേഷം ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യ മെഡൽ നേടിയപ്പോൾ താരമായത് ഇന്ത്യൻ ഹോക്കി ടീമിന്‍റെ കാവൽക്കാരൻ മലയാളിതാരം പി.ആർ ശ്രീജേഷാണ്. ഇന്ത്യൻ ഗോൾപോസ്റ്റിന് മുന്നിൽ പാറപോലെ ഉറച്ച് നിന്ന ശ്രീജേഷിന്‍റെ തകർപ്പൻ സേവുകളിലൂടെയാണ് ഇന്ത്യ ഒളിമ്പിക്‌സിലുടനീളം വിജയങ്ങൾ കൊയ്‌തത്.
ഇന്ന് സോഷ്യൽ മീഡിയയില്‍ ഏറ്റവുമധികം ചർച്ച ചെയ്യുന്നതും എറണാകുളം ജില്ലയിലെ പള്ളിക്കര സ്വദേശിയായ ശ്രീജേഷിനെക്കുറിച്ചാണ്. ഇന്ത്യൻ ടീമിന്‍റെ വൻമതിൽ എന്നാണ് ശ്രീജേഷിനെ ആരാധകർ വിളിക്കുന്നത്. ഇന്നത്തെ ഇന്ത്യയുടെ വിജയത്തിൽ സ്റ്റാറായി മാറിയിരിക്കുന്നതും ശ്രീജേഷ് തന്നെയാണ്.
ക്രിക്കറ്റിൽ രാഹുൽ ദ്രാവിഡാണ് വൻമതിലെങ്കിൽ ഹോക്കിയിൽ ശ്രീജേഷാണ് ഇന്ത്യയുടെ വൻമതിൽ എന്നാണ് സോഷ്യൽ മീഡിയയിലെ പല പോസ്റ്റുകളിലും ആരാധകർ പറയുന്നത്. ഇന്ത്യൻ ഹോക്കി ടീമിന്‍റെ സൂപ്പർ ഹീറോ എന്നാണ് ശ്രീജേഷിനെ ആരാധകർ വിശേഷിപ്പിക്കുന്നത്. വെങ്കലപ്പോരാട്ടത്തിനായുള്ള മത്സരത്തിൽ ജർമനിയുടെ 13 പെനാൽറ്റി കോർണറുകളിൽ പതിനൊന്നെണ്ണമാണ് പി.ആർ ശ്രീജേഷും ഡിഫൻഡർമാരും ചേർന്ന് സേവ് ചെയ്‌തത്.