ന്യൂഡല്‍ഹി: മുൻ ഹോക്കി താരം രവീന്ദർ പാൽ സിങ് (65) കൊവിഡ് ബാധിച്ചു മരിച്ചു. 1980ലെ മോസ്കോ ഒളിമ്പിക്സില്‍ സ്വർണമെഡല്‍ നേടിയ ടീമിൽ അംഗമായിരുന്നു. ലഖ്നൗവിലെ വിവേകാനന്ദ ആശുപത്രിയിലാണ് അന്ത്യം. താരത്തിന്‍റെ നിര്യാണത്തില്‍ കേന്ദ്ര കായിക വകുപ്പ് മന്ത്രി കിരൺ റിജിജു അനുശോചനം രേഖപ്പെടുത്തി.ഇന്ത്യയുടെ കായികരംഗത്ത് താരത്തിന്‍റെ സംഭാവന എപ്പോഴും ഓർമ്മിക്കപ്പെടുമെന്ന് റിജിജു ട്വീറ്റ് ചെയ്തു.
കൊവിഡ് ബാധിതനായതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ 24നാണ് രവീന്ദർ പാൽ സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് മുക്തനായ താരത്തെ വ്യാഴാഴ്ച കൊവിഡ് ഇതര വാർഡിലേക്കു മാറ്റിയിരുന്നുവെന്നും, ഇതിനു ശേഷമാണ് മരണം സംഭവിച്ചതെന്നും കുടുംബാംഗങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.