ലോസാന്‍:അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്‍റെ 2019-ലെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം ഇന്ത്യന്‍ നായകന്‍ മന്‍പ്രീത് സിങ്ങിന്. 1999-ല്‍ പുരസ്‌കാരം നല്‍കാന്‍ ആരംഭിച്ചത് മുതല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഈ പുരസ്‌കാരം സ്വന്തമാക്കുന്നത്. ലോക ചാമ്പ്യന്‍മാരായ ബെല്‍ജിയത്തിന്‍റെ ആർതർ വാന്‍ ഡോറനെയും അർജന്‍റീനയുടെ ലൂക്കാസ് വിയ്യയെയും പിന്തള്ളയാണ് മന്‍പ്രീത് ഈ നേട്ടം സ്വന്തമാക്കിയത്.
2011-ല്‍ അരങ്ങേറിയ താരം 260 കളികളില്‍ സ്‌റ്റിക്കേന്തി. 2019-ല്‍ മന്‍പ്രീതിന് കീഴില്‍ ടീം ഇന്ത്യ റഷ്യയെ തോല്‍പ്പിച്ച് ടോക്കിയോ ഒളിമ്പിക് യോഗ്യത സ്വന്തമാക്കി. മധ്യനിര താരമായ മന്‍പ്രീത് 2012-ല്‍ നടന്ന ലണ്ടന്‍ ഒളിമ്പിക്സിലും 2016-ല്‍ നടന്ന റിയോ ഒളിമ്പിക്‌സിലും രാജ്യത്തെ പ്രതിനിധീകരിച്ചു.