ഹൈദരാബാദ്:രാജ്യാന്തര മത്സരങ്ങളില്‍ നിന്നു വിരമിക്കുന്നതായി ഇന്ത്യന്‍ ഹോക്കി താരം ഒളിമ്പ്യന്‍ സുനിത ലാക്ര. ഇന്ന് വളരെ വൈകാരികമായ ദിവസമാണെന്നും ഇന്ത്യന്‍ ടീമില്‍ നിന്നും വിരമിക്കുന്നതായും 28 വയസുള്ള പ്രതിരോധ താരം സുനിത പറഞ്ഞതായി ഹോക്കി ഇന്ത്യ ട്വീറ്റ് ചെയ്‌തു. ടോകിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതിന് പരിക്ക് തടസമായെന്നും താരം പറഞ്ഞു.
ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുകയെന്ന ലക്ഷ്യവുമായി മുന്നോട്ട് പോവുകയായിരുന്ന താരത്തിന് പരിക്ക് വില്ലനായി മാറുകയായിരുന്നു. കാല്‍മുട്ടിനേറ്റ പരിക്ക് ഭേദമാകാന്‍ ഒരു ശസ്‌ത്രക്രിയ കൂടി വേണ്ടിവരുന്ന സാഹചര്യത്തിലാണ് വിരമിക്കല്‍ പ്രഖ്യാപനം.
2018-ലെ ഏഷ്യന്‍ ഗെയിംസില്‍ വെള്ളിമെഡല്‍ നേടിയ ഇന്ത്യന്‍ ടീമിനെ നയിച്ചത് സുനിതയായിരുന്നു. 20080-ലാണ് അവർ ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാകുന്നത്. 139 മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരം 2014 ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിനായി വെങ്കല മെഡല്‍ സ്വന്തമാക്കിയ ടീമിന്‍റെ ഭാഗമായിരുന്നു.
2016-ലെ റിയോ ഒളിമ്പിക്‌സില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാനായത് ഭാഗ്യമായി കരുതുന്നതായി സുനിത പറഞ്ഞു. എല്ലാ പിന്തുണയും നല്‍കിയ സഹതാരങ്ങൾക്കും പരിശീലകനോടും താരം നന്ദി പറഞ്ഞു. ഭർത്തവില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും വലിയ പിന്തുണ ലഭിച്ചതായും തന്‍റെ സ്വപ്നങ്ങളെ സഫലമാക്കാന്‍ സഹായിച്ചതില്‍ അവരോട് നന്ദിയുണ്ടെന്നും താരം കൂട്ടിചേർത്തു. കുടുംബാംഗങ്ങളുടെ പിന്തുണയില്ലാതെ ഇത്രയും ദൂരം സഞ്ചരിക്കാനാകില്ല. അതേസമയം പരിക്ക് ഭേദമായ ശേഷം ആഭ്യന്തര ഹോക്കിയില്‍ തുടരുമെന്നും സുനിത ലാക്ര പറഞ്ഞു.