ന്യൂഡല്‍ഹി: ഇന്ത്യന്‍ പുരുഷ, വനിതാ ഹോക്കി ടീം അംഗങ്ങളുടെ കാര്യത്തില്‍ ആശങ്കയില്ലെന്നും അവരെ ബംഗളൂരുവിലെ സായി കേന്ദ്രത്തില്‍ നിന്നും മാറ്റേണ്ടതിലെന്നും അധികൃതർ. കേന്ദ്രത്തിലെ പാചക തൊഴിലാളി കൊവിഡ് 19 ബാധിച്ച് മരിച്ച പശ്ചാത്തലത്തിലാണ് അധികൃതർ വിശദീകരണവുമായി രംഗത്ത് വന്നത്. പാചക തൊഴിലാളി ഹോക്കി താരങ്ങളുമായി ഇടപഴകിയിട്ടിലെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്നാണ് പാചക തൊഴിലാളി മരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് 19 പോസിറ്റീവാണെന്ന് തെളിഞ്ഞത്. അതേസമയം ഇയാൾക്ക് താരങ്ങളുടെ താമസ മേഖലയിലേക്ക് പ്രവേശനമില്ലെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും മികച്ച സൗകര്യങ്ങളാണ് സായിയില്‍ ഉള്ളത് അതിനാല്‍ തന്നെ താരങ്ങളെ ലോക്ക്‌ഡൗണ്‍ കാലത്ത് ഇവിടെ നിന്നും മാറ്റുന്നതിനെ കുറിച്ച് ആലോചിക്കേണ്ടതില്ലെന്ന് ഹോക്കി ഇന്ത്യ സിഇഒ എലേന നോർമാന്‍ പറഞ്ഞു. നിലവില്‍ അതിന് ശ്രമിച്ചാലും സാധിക്കില്ലെന്നും അവർ വ്യക്തമാക്കി. മുന്‍കരുതലെന്ന നിലയില്‍ പാചക തൊഴിലാളിയുമായി ബന്ധപ്പെട്ട നാല് സായി ജീവനക്കാരെ ഇതിനകം ക്വാറന്‍റയിനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.