മാഡ്രിഡ്:സ്‌പാനിഷ് ലാലിഗയില്‍ ബാഴ്‌സലോണക്ക് സമനില കുരുക്ക്. ഇന്നലെ എസ്‌പാനിയോളിനെതിരെ നടന്ന മത്സരത്തില്‍ ഇരു ടീമുകളും രണ്ട് ഗോൾ വീതം അടിച്ച് പിരിഞ്ഞു. മത്സരം സമനിലയിലായതോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ബാഴ്‌സയുടെ മുന്‍തൂക്കം ഇല്ലാതായി. 40 പോയിന്‍റ് വീതമുള്ള ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ഒപ്പത്തിനൊപ്പമാണ്. ഗോൾ ശരാശരിയില്‍ മുമ്പിലുള്ള ബാഴ്‌സലോണയാണ് ഒന്നാമത്.
ലാലിഗ; ബാഴ്‌സലോണക്ക് സമനില കുരുക്ക്
എസ്‌പാനിയോളിനെതിരായ മത്സരത്തില്‍ സമനില വഴങ്ങിയതോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയുടെ മുന്‍തൂക്കം നഷ്‌ടമായി. ലീഗില്‍ നേരത്തെ നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ഗെറ്റാഫെയെ പരാജയപ്പെടുത്തിയിരുന്നു
എസ്‌പാനിയോളിനെതിരായ മത്സരത്തിലെ മോശം തുടക്കം ബാഴ്‌സക്ക് തിരിച്ചടിയായി. 23-ാം മിനുട്ടില്‍ എസ്‌പാനിയോളിനായി ഹെഡറിലൂടെ ഡേവിഡ് ലോപ്പസ് ആദ്യ ഗോൾ നേടി. രണ്ടാം പകുതിയിലാണ് ബാഴ്‌സക്ക് തിരിച്ചടിക്കാനായത്. 50-ാം മിനുട്ടില്‍ യൂറുഗ്വേ താരം ലൂയി സൂവാരസിലൂടെയാണ് ബാഴ്‌സയുടെ ഗോൾ. ഒമ്പത് മിനുട്ടിന് ശേഷം വിദാലിലൂടെ ബാഴ്‌സ ലീഡ് നേടിയെങ്കിലും 75-ാം മിനുട്ടില്‍ ഡി ജോങ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ബാഴ്‌സയെ ഉലച്ചു. തുടർന്ന് 10 പേരുമായി കളിച്ച ബാഴ്‌സക്ക് എതിരാളികളുടെ നിരന്തര ആക്രമണത്തെ നേരിടേണ്ടിവന്നു. ഒടുവില്‍ എസ്‌പാനിയോളിന്‍റെ ശ്രമം ഫലം കണ്ടു. നിശ്ചിത സമയത്ത് മത്സരം അവസാനിക്കാന്‍ രണ്ട് മിനുട്ട് മാത്രം ശേഷിക്കെ വു ലിയിലൂടെ എസ്‌പാനിയോൾ സമനില ഗോൾ നേടി. ഈ മാസം 20-ന് നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ ബാഴ്‌സലോണ ഗ്രാനഡയെ നേരിടും.