കേരളം

kerala

ETV Bharat / sports

ലോകകപ്പ് രണ്ട് വര്‍ഷം കൂടുമ്പോള്‍: ഫിഫയുടെ പരിഗണനയില്‍

രണ്ട് വര്‍ഷം കൂടുമ്പോള്‍ ലോകകപ്പ് നടത്തുന്നത് 71ാം ഫിഫ കോണ്‍ഗ്രസിന്‍റെ പരിഗണനയിലാണ് എത്തിയത്

ലോകകപ്പ് രണ്ട് വര്‍ഷം കൂടുമ്പോള്‍ വാര്‍ത്ത  ലോകകപ്പും ഫിഫയും വാര്‍ത്ത  ഫിഫയും യുവേഫയും വാര്‍ത്ത  world cup in every two years news  world cup and fifa news  fifa and uefa news
ലോകകപ്പ്

By

Published : May 22, 2021, 8:58 AM IST

സൂറിച്ച്:കാല്‍പന്താവേശം കൊടുമുടി കയറുന്ന ലോകകപ്പ് പോരാട്ടങ്ങള്‍ രണ്ട് വര്‍ഷം കൂടുമ്പോള്‍ നടത്തുന്നത് ഫിഫയുടെ പരിഗണനയില്‍. കഴിഞ്ഞ ദിവസം നടന്ന 71ാമത് ഫിഫ കോണ്‍ഗ്രസാണ് വിഷയം പരിഗണിച്ചത്. ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്നാണ് ഫുട്‌ബോള്‍ ലോകകപ്പ്. യോഗത്തില്‍ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോ ഉള്‍പ്പെടെ വിഷയം ചര്‍ച്ച ചെയ്‌തു. ഇതു സംബന്ധിച്ച് സാധ്യതാ പഠനത്തിന് ഒരുങ്ങുകയാണ് ഫിഫ. സാധ്യതാ പഠനത്തെ അനുകൂലിച്ച് കോണ്‍ഗ്രസില്‍ പങ്കെടുത്തവര്‍ വോട്ട് ചെയ്‌തു. സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനും ആഫ്രിക്കന്‍ കോണ്‍ഫെഡറേഷനും ഉള്‍പ്പെടെ പുതിയ ആശയത്തെ അനുകൂലിച്ചു.

ലോകകപ്പിന്‍റെ ഭാഗമാകുന്ന ആറ് കോണ്‍ഫെഡറേഷനുകളില്‍ യൂറോപ്യന്‍ ദക്ഷിണ അമേരിക്കന്‍ കോണ്‍ഫെഡറേഷനുകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം. ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടങ്ങളിലേക്ക് എത്തുമ്പോള്‍ ഈ കോണ്‍ഫെഡറേഷന് കീഴിലുള്ള രാജ്യങ്ങള്‍ക്കാണ് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുക. കൂടാതെ അന്താരാഷ്‌ട്ര തലത്തിലെ 20 പ്രമുഖ ഫുട്‌ബോള്‍ ക്ലബുകളും അഞ്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നാണെന്നത് മറ്റൊരു യാഥാര്‍ഥ്യം. ലോക ഫുട്‌ബോളിലെ ഈ രണ്ട് കോണ്‍ഫെഡറേഷനുകളുടെ ആധിപത്യമാണ് ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഫിഫയുടെ പുതിയ നീക്കം യാഥാര്‍ഥ്യമാവുകയാണെങ്കില്‍ ലോക ഫുട്‌ബോളില്‍ മറ്റ് മേഖലകളില്‍ നിന്നുള്ളവര്‍ക്കും സമാന പ്രാധാന്യം ലഭിക്കുന്ന സാഹചര്യമുണ്ടാകും. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഉള്‍പ്പെെട കാല്‍പന്ത് കളിയുടെ വളര്‍ച്ചക്ക് പുതിയ നീക്കം ഗുണം ചെയ്യും. ഇതേവരെ 54 ആഫ്രിക്കന്‍ രാജ്യങ്ങള്‍ മാത്രമാണ് ലോകകപ്പ് യോഗ്യത നേടിയിട്ടുള്ളത്.

ഫുട്‌ബോള്‍ ലോകകപ്പ്(ഫയല്‍ ചിത്രം).
ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോ (ഫയല്‍ ചിത്രം).

ഫിഫയുടെ വരുമാനം കൂട്ടും

കാല്‍പന്ത് പണത്തിന്‍റെ കൂടി കളിയാണ്. കോടികളാണ് ഓരോ വര്‍ഷവും ഫുട്‌ബോള്‍ ലോകത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്. പണ സമ്പന്നമായ ഫുട്‌ബോള്‍ ലോകത്ത് നിലവില്‍ ഫിഫയെക്കാള്‍ സമ്പന്നമാണ് യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനായ യുവേഫ. ഫിഫയുടെ പ്രധാന വരുമാന മാര്‍ഗം ലോകകപ്പാണ്. നാല് വര്‍ഷം കൂടുമ്പോള്‍ 4.5 ബില്യണ്‍ പൗണ്ട് മാത്രമാണ് ഫിഫയുടെ വരുമാനം. എന്നാല്‍ ഈ കാലയളവില്‍ യുവേഫ വിവിധ ടൂര്‍ണമെന്‍റുകളിലൂടെ സമാഹരിക്കുന്നത് 10 ബില്യണ്‍ പൗണ്ടാണ്. കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ 2019-20 സീസണില്‍ മാത്രം യുവേഫക്ക് 2.6 ബില്യണ്‍ പൗണ്ടിന്‍റെ വരുമാനമാണ് ലഭിച്ചത്.

ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോ (ഫയല്‍ ചിത്രം).

അതേസമയം രണ്ട് വര്‍ഷം കൂടുമ്പോള്‍ ലോകകപ്പ് നടത്താനുള്ള ഫിഫയുടെ പുതിയ നീക്കം യുവേഫയെ പ്രതിസന്ധിയിലാക്കുന്നതാണ്. ചാമ്പ്യന്‍സ് ലീഗില്‍ പുതിയ ഫോര്‍മാറ്റ് പരീക്ഷിക്കാന്‍ ഒരുങ്ങുന്ന യുവേഫയുടെ നിലവിലെ കലണ്ടര്‍ പോലും തിരക്ക് പിടിച്ചതാണ്. ഇതിനിടെ ലോകകപ്പിന്‍റെ ദൈര്‍ഘ്യം കുറക്കുന്നത് യൂറോപ്യന്‍ ഫുട്‌ബോളിലെ സമയക്രമം താറുമാറാക്കും. ഇത് ടീമുകളെയും കളിക്കാരെയും ഏതെല്ലാം തരത്തില്‍ ബാധിക്കുമെന്നത് പ്രവചനാതീതമാണ്. മത്സരങ്ങളുടെ ആധിക്യം കളിക്കാരെ പരിക്കിന്‍റെ പിടിയിലാക്കും. അവരുടെ ഭാവിയെ ഉള്‍പ്പെടെ ഇത് നേരിട്ട് ബാധിക്കും.

ഐക്യരാഷ്‌ട്രസഭ കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ സംഘടനയായ ഫിഫയുടെ പുതിയ നീക്കം വരും ദിവസങ്ങളില്‍ ഫുട്‌ബോള്‍ ലോകത്ത് കൂടുതല്‍ ചര്‍ച്ചയാകും. യുവേഫയുടെ ഉള്‍പ്പെടെ സമ്മര്‍ദങ്ങളെ മറികടന്ന് പുതിയ ലോകകപ്പ് ആശയം ഫിഫക്ക് യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചാല്‍ അത് ചരിത്രമാകും. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഫുട്‌ബോളിന്‍റെ വളര്‍ച്ചക്ക് ഗുണം ചെയ്യുന്ന തീരുമാനമാകും ഈ നീക്കം.

ABOUT THE AUTHOR

...view details