പാരീസ്: വനിത ലോകകപ്പിലെ പ്രീക്വാർട്ടർ മത്സരങ്ങൾ അവസാനിച്ചു. ഇന്ന് നടന്ന അവസാന പോരാട്ടത്തില്‍ ജപ്പാനെ തകർത്ത് നെതർലൻഡ്സ് ക്വാർട്ടർ ഫൈനലില്‍ കടന്നു. വ്യാഴാഴ്ച മുതല്‍ ക്വാർട്ടർ ഫൈനല്‍ മത്സരങ്ങൾ ആരംഭിക്കും.
വനിത ലോകകപ്പ് ക്വാർട്ടർ ഫൈനല്‍ ലൈനപ്പായി - ഫിഫ
നിലവിലെ ചാമ്പ്യന്മാരായ അമേരിക്ക ക്വാർട്ടറില്‍ ഫ്രാൻസിനെ നേരിടും. കഴിഞ്ഞ ലോകകപ്പിലെ റണ്ണർ അപ്പായ ജപ്പാൻ പുറത്ത്
ഇന്ന് നടന്ന ആവേശകരമായ മത്സരത്തില്‍ ജപ്പാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് നെതർലൻഡ്സ് ക്വാർട്ടറിലെത്തിയത്. ക്വാർട്ടർ ഫൈനലില്‍ കടന്ന എട്ട് ടീമുകളില്‍ ഏഴ് ടീമുകളും യൂറോപ്പില്‍ നിന്നാണ് എന്ന പ്രത്യേകത ഈ ലോകകപ്പിനുണ്ട്. അമേരിക്ക മാത്രമാണ് യൂറോപ്പിന് പുറത്തുള്ള ടീം. ആദ്യ ക്വാർട്ടറില്‍ നോർവേ ഇംഗ്ലണ്ടിനെ നേരിടും. രണ്ടാം ക്വാർട്ടറില്‍ ഫ്രാൻസ് അമേരിക്കയുമായും മൂന്നാമത്തേതില്‍ ഇറ്റലി നെതർലൻഡ്സുമായും ഏറ്റുമുട്ടും. അവസാന ക്വാർട്ടറില്‍ ജർമ്മനിയാണ് സ്വീഡന്‍റെ എതിരാളികൾ.
നിലവിലെ ചാമ്പ്യന്മാരായ അമേരിക്കയ്ക്കാണ് കിരീടസാധ്യത കൂടുതലായി കല്‍പ്പിക്കപ്പെടുന്നത്. മൂന്ന് തവണ കിരീടമുയർത്തിയ അമേരിക്ക കരുത്തരായ ഫ്രാൻസിന്‍റെ വെല്ലുവിളി അതിജീവിക്കുമോ എന്ന് കാണേണ്ടിയിരിക്കുന്നു.