ലണ്ടന്‍ :തുറന്ന കത്തെഴുതി സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ് വിട്ട ബ്രസീലിയന്‍ വിങ്ങര്‍ വില്ലിയന്‍ ഗണ്ണേഴ്‌സിലെത്തി. ആഴ്‌സണല്‍ ട്വീറ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ ക്ലബ്, പുതിയ നിറം, ആരംഭം എന്ന തലക്കെട്ടോടെയാണ് ട്വീറ്റ്. ചെല്‍സിയില്‍ എത്തി ഏഴ് വര്‍ഷത്തിന് ശേഷമാണ് വില്ലിയന്‍ നീലക്കുപ്പായം അഴിച്ചുവെച്ച് ആയുധപ്പുരയിലേക്ക് ചേക്കേറിയത്. 12ാം നമ്പറിലായിരിക്കും വില്ലിയന്‍ ഗണ്ണേഴ്‌സിന് വേണ്ടി കളിക്കുക.
2.20 ലക്ഷം പൗണ്ടാണ് ആഴ്‌സണല്‍ വില്ലിയനായി നല്‍കുക. 2.16 കോടി രൂപയോളം വരും ഈ തുക. നേരത്തെ പുറത്ത് വന്ന കണക്കുകളേക്കാള്‍ കൂടുതലാണിത്. ആഴ്‌സണലിന്‍റെ പരിശീലകന്‍ മൈക്കള്‍ അട്ടേരയുമായി സംസാരിച്ച ശേഷമാണ് വില്ലിയന്‍റെ കൂടുമാറ്റം. അട്ടേരക്ക് കീഴില്‍ ഈ സീസണില്‍ ചെല്‍സിയെ പരാജയപ്പെടുത്തി ആഴ്‌സണര്‍ എഫ്‌എ കപ്പ് സ്വന്തമാക്കിയിരുന്നു. സെപ്റ്റംബര്‍ 12 മുതല്‍ പ്രീമിയര്‍ ലീഗിന്‍റെ പുതിയ സീസണ്‍ ആരംഭിക്കുമ്പോള്‍ വില്ലിയന്‍ ആഴ്‌സണലിന് വേണ്ടി പന്ത് തട്ടുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.