സാവോ പോളോ: ലോകകപ്പ് യോഗ്യത മത്സരത്തിൽ കരുത്തരായ അർജന്‍റീനക്കും ബ്രസീലിനും വിജയം. അർജന്‍റീന ഏകപക്ഷീയമായ ഒരു ഗോളിന് പെറുവിനെ തോൽപ്പിച്ചപ്പോൾ യുറുഗ്വയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബ്രസീൽ തകർത്തത്.
തുടർച്ചയായ 25-ാം വിജയമാണ് അർജന്‍റീന പെറുവിനെതിരെ സ്വന്തമാക്കിയത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ 43-ാം മിനിട്ടിൽ ലൗട്ടാരോ മാർട്ടിനസിന്‍റെ ഗോളാണ് അർജന്‍റീനക്ക് വിജയം സമ്മാനിച്ചത്. എന്നാൽ മത്സരത്തിലേക്ക് തിരിച്ചെത്താൻ വീണുകിട്ടയ അവസരം പെറു നഷ്‌ടമാക്കി. 65-ാം മിനിട്ടിൽ പെറുവിന് പെനാൽറ്റി ലഭിച്ചെങ്കിലും വിക്‌ടർ യോട്ടൂണ്‍ അത് നഷ്‌ടമാക്കുകയായിരുന്നു.
റാഫീഞ്ഞയുടെ ഇരട്ടഗോളിന്‍റെ പിൻബലത്തിലാണ് ബ്രസീൽ യുറുഗ്വയെ തകർത്തെറിഞ്ഞത്. 10-ാം മിനിട്ടിൽ നെയ്‌മറാണ് ബ്രസീലിനായി ആദ്യ ഗോൾ നേടിയത്. പിന്നാലെ 18, 58 മിനിട്ടുകളിൽ റാഫീഞ്ഞ ഗോളുകൾ നേടി. 77-ാം മിനിട്ടിൽ ലൂയി സുവാരസ് യുറുഗ്വക്കായി ഗോൾ നേടി. എന്നാൽ 83-ാം മിനിട്ടിൽ ഗബ്രിയേൽ ബാർബോസയുടെ ഗോളിലൂടെ ബ്രസീൽ ഗോൾ പട്ടിക തികച്ചു.
ALSO READ :ഐപിഎല്‍ ചാമ്പ്യൻമാരെ ഇന്നറിയാം... ധോണിയും മോർഗനും നേർക്കു നേർ: ദുബായില്‍ ക്രിക്കറ്റ് പൂരം
യുറുഗ്വായ്‌ക്കെതിരായ വിജയത്തോടെ 11 മത്സരങ്ങളിൽ നിന്ന് 31 പോയിന്‍റുമായി ബ്രസീൽ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. ഇത്രതന്നെ മത്സരങ്ങളിൽ നിന്ന് 25 പോയിന്‍റുമായി അർജന്‍റീനയാണ് രണ്ടാം സ്ഥാനത്ത്. 12 കളികളിൽനിന്ന് 16 പോയിന്‍റ് മാത്രമുള്ള യുറുഗ്വായ് അഞ്ചാം സ്ഥാനത്താണ്. അർജന്‍റീനയോടു തോറ്റ പെറു 12 കളികളിൽനിന്ന് 11 പോയിന്‍റുമായി ഒൻപതാം സ്ഥാനത്ത് തുടരുകയാണ്.