യൂറോകപ്പ് ആവേശം കൊടിയിറങ്ങി. ദീർഘനാളത്തെ കാത്തിരിപ്പിന് ഒടുവില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇറ്റലി ജേതാക്കളായി. അഞ്ച് ഗോളുകളുമായി ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് ടീമിനെ പ്രഖ്യാപിച്ചത്. ക്രിസ്റ്റ്യാനോയ്ക്ക് ഒപ്പം അഞ്ച് ഗോളുകളുമായി തിളങ്ങിയ ചെക്ക് റിപ്പബ്ലിക് താരം പാട്രിക് ഷിക്കിനും ടീമില്‍ ഇടമില്ല.
ഇംഗ്ലണ്ടിന് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഗോൾകീപ്പർ ജോർദാൻ പിക്‌ഫോർഡ്, നായകൻ ഹാരി കെയ്‌ൻ, പ്രതിരോധ താരം ലൂക്ക് ഷാ എന്നിവർക്കും ടീമില്‍ ഇടമില്ല. ഫൈനലില്‍ പരാജയപ്പെട്ട ഇംഗ്ലീഷ് ടീമില്‍ നിന്ന് റഹീം സ്റ്റെർലിങ്, പ്രതിരോധ താരങ്ങളായ ഹാരി മഗ്വെയർ, കെയ്‌ല്‍ വാൾക്കർ എന്നിവർ യുവേഫ ടീമില്‍ ഉൾപ്പെട്ടു.
ഗോൾകീപ്പറായി ഇറ്റലിയുടെ രക്ഷകൻ ജിയാൻലൂജി ഡൊണ്ണറുമ്മ ടീമിലുണ്ട്. പ്രതിരോധത്തില്‍ ഇറ്റലിയുടെ യൂറോകപ്പ് നായകൻ ജിയോർജിയോ കില്ലിനിയെ പരിഗണിച്ചില്ല. എന്നാല്‍ കില്ലിനിയുടെ സഹതാരം ലിയനാർഡോ ബൊനൂച്ചിയാണ് യുവേഫയുടെ പ്രതിരോധ നിരയില്‍ ഉൾപ്പെട്ട താരം.
ക്രിസ്റ്റ്യാനോയില്ല, യുവേഫയുടെ യൂറോ ടീമിനെ പ്രഖ്യാപിച്ചു ബൊനൂച്ചിക്കൊപ്പം ഇറ്റാലിയൻ പ്രതിരോധ നിരയില്‍ നിന്ന് ലിയനാർഡോ സ്‌പിനാസോളയും യുവേഫയുടെ ടീമിലുണ്ട്. ലെഫ്‌റ്റ് ബാക്കായി തിളങ്ങിയ സ്‌പിനാസോള ക്വാർട്ടർ ഫൈനലില്‍ പരിക്കേറ്റതിനെ തുടർന്ന് സെമിയിലും ഫൈനലിലും കളിച്ചിരുന്നില്ല.
മധ്യനിരയില്‍ ഇറ്റാലിയൻ ടീമിന്‍റെ മധ്യനിര നിയന്ത്രിച്ച ജോർജിന്യോ, സ്‌പെയിനിന്‍റെ യുവതാരം പെഡ്രി, ഡെൻമാർക്കിന്‍റെ പിയറി എമിലെ ഹോജ്‌ബെർഗ് എന്നിവരുണ്ട്. മുന്നേറ്റത്തില്‍ ഇറ്റലിയുടെ ഫെഡറികോ ചെയ്‌സ, ബെല്‍ജിയത്തിന്‍റെ റൊമേലു ലുക്കാക്കു, ഇംഗ്ലണ്ടിന്‍റെ റഹിം സ്റ്റെർലിങും ഇടംപിടിച്ചു.
യുവേഫയുടെ ടെക്‌നിക്കല്‍ ഒബ്‌സർവർ ടീമില്‍ ഉൾപ്പെട്ട 16 പഴയ താരങ്ങൾ, പരിശീലകർ എന്നിവരടങ്ങിയ സംഘമാണ് ടീമിനെ തെരഞ്ഞെടുത്തത്. വെസ്റ്റ് ഹാം പരിശീലകൻ ഡേവിഡ് മോയസ്, മുൻ അയർലണ്ട് താരം റോബി കീൻ, മുൻ ഇംഗ്ലീഷ് പരിശീലകൻ ഫാബിയോ കാപെലോ എന്നിവർ അടങ്ങിയ ടീമാണ് യുവേഫയുടെ ടീമിനെ തെരഞ്ഞെടുത്തത്. യൂറോ കപ്പ് നേടിയ അഞ്ച് ഇറ്റാലിയൻ താരങ്ങൾ ടീമില്‍ ഉൾപ്പെട്ടിട്ടുണ്ട്.