ബുഡാപെസ്റ്റ്: നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗലിന് യൂറോക്കപ്പിൽ വിജയത്തുടക്കം. ക്രിസ്റ്റ്യാനോയുടെ ഇരട്ട ഗോൾ മികവിൽ ആതിഥേയരായ ഹംഗറിക്കെതിരെ 3-0 ന്‍റെ വിജയമാണ് പറങ്കിപ്പട സ്വന്തമാക്കിയത്. ഹംഗറി ഉടനീളം മികച്ച പ്രതിരോധം കാഴ്ചവെച്ച കളിയിൽ പോർച്ചുഗലിന്‍റെ മൂന്ന് ഗോളുകളും പിറന്നത് അവസാനത്തെ ആറു മിനിറ്റിനിടെയാണ്.
Also Read:അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് സമനില; ഏഷ്യാ കപ്പ് ക്വാളിഫയര്‍ യോഗ്യതയും
ഒരു വേള സമനിലയിലേക്ക് പോകും എന്ന് തോന്നിപ്പിച്ച കളിയുടെ 84ആം മിനിറ്റിൽ റാഫേൽ ഗ്വരേരോയാണ് പോർച്ചുഗല്ലിനായി ആദ്യ ഗോൾ നേടിയത്. പിന്നീട് പിറന്ന രണ്ട് ഗോളുകളും ക്രിസ്റ്റ്യാനോയുടെ വകയായിരുന്നു. 86ാം മിനിറ്റിൽ റാഫ സിൽവയെ തടയുന്നതിനിടെ വില്ലി ഒർബാൻ നടത്തിയ പിഴവിലൂടെ ലഭിച്ച പെനാൽറ്റി ക്രിസ്റ്റ്യാനോ ലക്ഷ്യത്തിലെത്തിച്ചു.
പിന്നീട് ഇഞ്ചുറി ടൈമിന്‍റെ രണ്ടാം മിനിറ്റിൽ റാഫ സിൽവയുടെ മുന്നേറ്റത്തിൽ ക്രിസ്റ്റ്യാനോ രണ്ടാം ഗോളും കണ്ടെത്തി. ഇതിനിടെ 80ാം മിനിറ്റിൽ ഗെർഗോ ലോവ്‌റെൻസിക്സ് ഹംഗറിക്കായി വലകുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിളിക്കുകയായിരുന്നു. ഇന്നത്തെ ഇരട്ട ഗോൾ നേട്ടത്തോടെ ടൂർണമെന്‍റിലെ ഓൾടൈം ഗോൾ സ്കോററായി ക്രിസ്റ്റ്യാനോ മാറി. ഇന്നത്തെ കളിയോടെ ഏറ്റവും കൂടുതൽ യൂറോ കപ്പ് കളിക്കുന്ന താരം എന്ന റെക്കോർഡും ക്രിസ്റ്റ്യാനോയ്‌ക്ക് സ്വന്തം.