കേരളം

kerala

ETV Bharat / sports

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

ആദ്യപാദ ക്വാർട്ടറിൽ പ്രീമിയർ ലീഗ് ടീമുകളായ ടോട്ടനം മാഞ്ചസ്റ്റർ സിറ്റിയുമായി ഏറ്റുമുട്ടുമ്പോൾ മറ്റൊരു മത്സരത്തിൽ ലിവർപൂൾ എഫ് സി പോർട്ടോയെ നേരിടും.

ചാമ്പ്യൻസ് ലീഗ്

By

Published : Apr 9, 2019, 9:30 PM IST

യൂവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തില്‍ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമുകളായ മാഞ്ചസ്റ്റര്‍ സിറ്റി ടോട്ടനത്തെ നേരിടുമ്പോള്‍ മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ പോർച്ചുഗീസ് ടീം പോര്‍ട്ടോയെ നേരിടും.

മാഞ്ചസ്റ്റർ സിറ്റിയും ടോട്ടവും ആദ്യമായാണ് ചാമ്പ്യൻസ് ലീഗിൽ നേർക്കുനേർ ഏറ്റുമുട്ടുന്നത്. കടലാസിൽ മുൻതൂക്കം സിറ്റിക്കാണെങ്കിലും ഹാരി കെയിനും ഡെലി അലിയും അടങ്ങുന്ന ടോട്ടനം പെപ് ഗ്വാർഡിയോളക്ക് കനത്ത വെല്ലുവിളിതന്നെയാണ്. എങ്കിലും സെർജിയോ അഗ്വേറോയും റഹീം സ്റ്റെർലിങും കെവിൻ ഡിബ്രൂയിനും അടങ്ങുന്ന താരങ്ങൾ ഫോമിലാണെന്നത് തന്നെയാണ് സിറ്റിയുടെ പ്രതീക്ഷയും. ഇംഗ്ലീഷ് മണ്ണില്‍ സിറ്റി കിരീടമുള്ള രാജാക്കന്മാരാണെങ്കിലും യൂറോപ്പില്‍ കാലിടറുന്നത് പതിവാണ്. പെപ് ഗ്വാര്‍ഡിയോളെയെന്ന ഇതിഹാസ പരിശീലകനൊപ്പം ഇത്തവണയെങ്കിലും ചാമ്പ്യന്‍സ് ലീഗ് ഉയര്‍ത്താമെന്ന പ്രതീക്ഷയിലാണ് സിറ്റി.

പ്രതിഭാശാലികളായ താരങ്ങളടങ്ങിയ യുവനിരയാണ് ടോട്ടനത്തിന്‍റെ കരുത്ത്. ഹാരി കെയ്ൻ, ഡെലി അലി, ക്രിസ്റ്റ്യൻ എറിക്സൺ, സൺ ഹ്യൂമെൻ തുടങ്ങിയ മികച്ച താരങ്ങളാണ് പൊച്ചടീനോയുടെ ടീമിന്‍റെ പ്രതീക്ഷ. ജര്‍മ്മന്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തകര്‍ത്താണ് ടോട്ടനം ക്വാര്‍ട്ടറിലെത്തിയത്. വലിയ കളികളിൽ കാലിടറുന്ന ടീമിന് തങ്ങളുടെ ശക്തി യൂറോപ്പിൽ തെളിയിക്കേണ്ടതുണ്ട്. സിറ്റിയോട് പരാജയപ്പെടുന്നത് ശീലമാക്കിയ ടോട്ടനത്തിന് ഇന്ന് തിരിച്ചടിക്കേണ്ടതുണ്ട്. പുതിയ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ യൂറോപ്യൻ മത്സരം കൂടിയാണിത്. ടോട്ടൻഹാം നിരയിൽ പരിക്കേറ്റ എറിക് ഡയെർ, ലമേല എന്നിവർ ടോട്ടനം നിരയിൽ ഉണ്ടാകില്ല.

ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ലിവർപൂൾ മുൻ ചാമ്പ്യൻമാരായ എഫ്.സി പോർട്ടോയെ നേരിടും. പ്രീമിയർ ലീഗിൽ കിരീട പോരാട്ടത്തിൽ മുന്നിലുള്ള ലിവർപൂളിന് കഴിഞ്ഞ തവണ ഫൈനലിൽ കൈവിട്ട കിരീടം സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാകും പോർട്ടോയെ നേരിടുക. മുഹമ്മദ് സലാ, റോബർട്ടോ ഫിർമിനോ, സാഡിയോ മാനെ അടങ്ങിയ മുന്നേറ്റനിരയിലാണ് ക്ലോപ്പിന്‍റെ വിശ്വാസവും. പ്രീ ക്വാര്‍ട്ടറില്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ തകർത്ത ആത്മവിശ്വാസത്തിലാണ് ലിവര്‍പൂൾ ഇറങ്ങുക.

പോര്‍ട്ടോയെ നിസാര എതിരാളികളായി കാണാൻ സാധിക്കില്ല. ഇറ്റാലിയന്‍ ക്ലബ്ബായ എ.എസ് റോമയെ പ്രീ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചാണ് പോര്‍ട്ടോയുടെ വരവ്. അവസാന സീസണില്‍ ബാഴ്‌സലോണയ്ക്ക് പുറത്തേക്കുള്ള വഴി തുറന്നവരാണ് റോമ. ഇവരെ കീഴടക്കിയെത്തുന്ന പോര്‍ച്ചുഗീസ് കരുത്തിനെ ലിവര്‍പൂള്‍ ഭയന്നെ മതിയാകൂ. ആറ് ഗോള്‍ നേടിയ മൗസ മരീഗയുടെ കളിമികവിലാണ് പോര്‍ട്ടോയുടെ പ്രതീക്ഷ.

ABOUT THE AUTHOR

...view details