യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനല്‍ മത്സരങ്ങളുടെ ഡ്രോ ഇന്ന് നടന്നു. ബാഴ്സലോണ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും യുവന്‍റസ് അയാക്സിനെയും നേരിടും. ലിവർപൂൾ പോർട്ടോയെ നേരിടുമ്പോൾ ക്വാർട്ടറിലെ ഇംഗ്ലീഷ് പോരാട്ടത്തില്‍ മാഞ്ചസ്റ്റർ സിറ്റി ടോട്ടനവുമായി ഏറ്റുമുട്ടും.
ആരാകും യൂറോപ്പില്‍ ഇക്കുറി രാജാക്കന്മാരാവുക എന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ആരാധകർ. കഴിഞ്ഞ മൂന്ന് തവണ തുടർച്ചയായി കിരീടം നേടിയ റയല്‍ മാഡ്രിഡ് പ്രീക്വാർട്ടറില്‍ അയാക്സിനോട് തോറ്റ് പുറത്തായതോടെ ബാഴ്സലോണ മാത്രമാണ് ക്വാർട്ടറിലെ സ്പാനിഷ് സാന്നിധ്യം. മറ്റൊരു അട്ടിമറിയില്‍ റോമയെ കീഴടക്കിയാണ് പോർച്ചുഗീസ് ക്ലബായ പോർട്ടോ ക്വാർട്ടറില്‍ പ്രവേശിച്ചത്.
കഴിഞ്ഞ ചാമ്പ്യൻസ് ലീഗില്‍ രണ്ട് പ്രീമിയർ ലീഗ് ടീമുകളുണ്ടായിരുന്നിടത്ത് ഇത്തവണ നാല് ടീമുകളാണുള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ടോട്ടനം, മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകളാണ് കിരീടപോരാട്ടത്തിനായി ഇറങ്ങുന്നത്. ഏപ്രില്‍ ഒമ്പത്, 10 തിയതികളിലാണ് ആദ്യ പാദ ക്വർട്ടർ മത്സരങ്ങൾ. രണ്ടാം പാദ മത്സരങ്ങൾ ഏപ്രില്‍ 16, 17 തിയതികളിലാണ്.
റയല്‍ മാഡ്രിഡിനെ നാണംകെടുത്തിയെത്തുന്ന അയാക്സും സൂപ്പർ താരം റൊണാൾഡോയുടെ ടീമായ യുവന്‍റസും തമ്മിലാണ് ആദ്യ ക്വാർട്ടർ മത്സരം. രണ്ടാം മത്സരത്തില്‍ ലിവർപൂൾ പോർട്ടോയെ നേരിടും. കഴിഞ്ഞ തവണ പ്രീക്വാർട്ടറില്‍ തോല്‍പ്പിച്ചതിന്‍റെ കണക്ക് തീർക്കാനാകും പോർട്ടോ ലിവർപൂളിനെ നേരിടുക. മൂന്നാം ക്വാർട്ടറില്‍ ഡോർട്ട്മുണ്ടിനെ തോല്‍പ്പിച്ചെത്തുന്ന ടോട്ടനവും ഷാല്‍ക്കയെ തകർത്ത് എത്തുന്ന സിറ്റിയും തമ്മിലാണ് മത്സരം.
ഫുട്ബോൾ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് നാലാം ക്വാർട്ടർ മത്സരത്തിനായാണ്. തീപാറും പോരാട്ടത്തില്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയും പ്രീമിയർ ലീഗില്‍വമ്പൻ തിരിച്ചുവരവ് നടത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡുമാണ് ഏറ്റുമുട്ടുന്നത്. 2011 ചാമ്പ്യൻസ് ലീഗിന് ശേഷം ആദ്യമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡും ബാഴ്സലോണയും നേർക്കുന്നേർ വരുന്നത്. ഇരുവരും 11 തവണ ഏറ്റുമുട്ടിയപ്പോൾ ബാഴ്സലോണ നാല്കളിയിലും യുണൈറ്റഡ് മൂന്നിലും വിജയിച്ചു. നാല് മത്സരങ്ങൾ സമനിലയില്‍ അവസാനിക്കുകയായിരുന്നു.